| Monday, 10th June 2024, 5:33 pm

പുഴുവിന് ശേഷം പാതിരാത്രിയുമായി റത്തീന, പൊലീസുകാരായി നവ്യയും സൗബിനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി എന്ന നടനില്‍ തീരെ പ്രതീക്ഷിക്കാത്ത സിനിമയായിരുന്നു 2022ല്‍ പുറത്തിറങ്ങിയ പുഴു. നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ജാതിവെറിയും ദുരഭിമാനക്കൊലയും മലയാളികള്‍ക്കിടയിലുമുണ്ടെന്ന് കാണിച്ചുതന്ന സിനിമയായിരുന്നു പുഴു. പാര്‍വതി തിരുവോത്തും പുഴുവില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പുഴു റിലീസ് ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷം തന്റെ പുതിയ ചിത്രം റത്തീന അനൗണ്‍സ് ചെയ്തിരിക്കുകയാണ്. പാതിരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നവ്യാ നായരും സൗബിന്‍ ഷാഹിറുമാണ് പ്രധാന താരങ്ങള്‍. ആദ്യമായാണ് നവ്യയും സൗബിനും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

‘പേടിസ്വപ്‌നങ്ങള്‍ കാത്തിരിക്കുന്ന നിഴലുകളിലേക്ക് ചുവടുവെയ്ക്കുക’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. രണ്ട് പൊലീസുകാരുടെ ജീവിതത്തില്‍ ഒരു രാത്രി നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ കഥയെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സൗബിനും, ജാനകി ജാനേക്ക് ശേഷം നവ്യാ നായരും അഭിനയിക്കുന്ന ചിത്രമാണിത്.

സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാജി മാറാടാണ് രചിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം. ശ്രീജിത് സാരംഗാണ് എഡിറ്റിങ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Ratheena announced her next film after Puzhu starring Soubin and Navya

We use cookies to give you the best possible experience. Learn more