ഉനകോട്ടി: ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട രഥയാത്രയ്ക്കിടെ ഹൈ വോള്‍ട്ടേജ് വയറില്‍ നിന്ന് ഷോക്കേറ്റ് വന്‍ ദുരന്തം. രഥത്തിന് തീപിടിച്ച് ആറ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അസിസ്റ്റന്റ് ഐ.ജി ജ്യോതിഷ്മാന്‍ ദാസ് ചൗധരിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കുമാര്‍ഘട്ടിലെ ജഗന്നാഥ ക്ഷേത്രത്തിലെ ഒരാഴ്ചയോളമായി നടന്നുവരുന്ന ഉത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വൈകീട്ടോടെ ‘ഉള്‍ട്ട രഥയാത്ര’ സംഘടിപ്പിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയാണ് അപകടം സംഭവിച്ചത്. ഈ സമയം ആയിരക്കണക്കിന് വിശ്വാസികള്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം വലിക്കുന്നുണ്ടായിരുന്നു.
ഇരുമ്പ് കൊണ്ടുള്ള രഥം 133 കെ.വി ഹൈ വോള്‍ട്ടേജ് പ്രവഹിക്കുന്ന വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വരികയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആറ് പേരും വെന്തുമരിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പൊള്ളലേറ്റ് മറ്റു 15 പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
‘കുമാര്‍ഘട്ടില്‍ നടന്ന ദാരുണമായ അപകടത്തില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിരവധി തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഞാന്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണ്. കൂടാതെ, പരിക്കേറ്റവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ ദുരന്തവേളയില്‍ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.