കോഴിക്കോട്: എം.എസ്.എഫ് ധാരണ ലംഘിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയെ വിജയിപ്പിക്കാന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഇടപെട്ടെന്ന ആരോപണവുമായി ഫ്രട്ടേണിറ്റി.
വിഷയത്തില്‍ പി.കെ നവാസിനെ പ്രതിക്കൂട്ടിലാക്കി ഫ്രട്ടേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം സബീല്‍ ചെമ്പ്രശ്ശേരി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
വാക്ക് പറഞ്ഞാല്‍ പാലിക്കലും കരാര്‍ ഉണ്ടാക്കിയാല്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നത് മിനിമം ജനാധിപത്യ മര്യാദയാണെന്നായിരുന്നു ജംഷീല്‍ അബൂബക്കല്‍ എന്ന ഫ്രട്ടേണിറ്റി ഭാരവാഹിയുടെ കുറിപ്പ്. ചരിത്രം ഇവിടെ അവസാനിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പുകളൊക്കെ ഇനിയും വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കെ.എസ്.യുവിന് വിഷയത്തില്‍ ഇങ്ങനൊരു ആരോപണം ഇല്ലെന്നും അതിനാല്‍ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എസ്.എഫ്.ഐ-എം.എസ്.എഫ് തമ്മില്‍ ക്യത്യമായ ധാരണയുണ്ടെന്നാണ് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട കോളേജിലെ സംഘടനാ നേതാക്കള്‍ തന്നെ അറിയിച്ചതെന്നും ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിന്‍ ഡ്യൂള്‍ ന്യൂസിനോട് പ്രതികരിച്ചു. ആര്‍ഷോ വിവാദം ഉയര്‍ത്തികൊണ്ടുവന്നത് കെ.എസ്.യു ആയതിനാല്‍ കെ.എസ്.യുവിനെ പൂജ്യത്തിലേക്ക് എത്തിക്കുക എന്ന അജണ്ട ഉണ്ടായിരുന്നുവെന്നും ഷെഫ്രിന്‍ പറഞ്ഞു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കുന്നില്ലെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്.എഫ്.ഐ വിജയിപ്പിക്കാനായി പി.കെ നവാസ് കെ.എസ്.യുവിനെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് കുറിപ്പുകളില്‍ ഉന്നയിക്കുന്ന ആരോപണം. ആര്‍ഷോയെയും വിദ്യയെയും പ്രതിക്കൂട്ടിലാക്കിയ കെ.എസ്.യുവിനെ തോല്‍പ്പിക്കുക വഴി എം.എസ്. എഫ് പാരമ്പര്യത്തെ തന്നെയാണ് നവാസ് നശിപ്പിച്ചതെന്നും കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്.
‘കഴിഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ ഏറ്റവും കുറവ് വോട്ട് 240 ആണെങ്കില്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കിട്ടിയ ആകെ ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് 224 ആണ്. അങ്ങനെയെങ്കില്‍ എസ്.എഫ്.ഐയുടെ 16 വോട്ട് എവിടെപ്പോയി? ഈ കച്ചവടത്തിന് നവാസ് പകരം നല്‍കിയത് എന്താണ് എന്നന്വേഷിച്ചാല്‍ തങ്ങളുടെ നേതാവ് സ്വന്തം പ്രസ്ഥാനത്തെയും അതിന്റെ പാരമ്പര്യത്തെയും വഞ്ചിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കും.
ട്രാന്‍സ്ഫര്‍ ചെയ്ത വോട്ടുകള്‍ ഉപയോഗിച്ച് വെറും 30 വോട്ട് നേടി റിസര്‍ച്ച് സ്‌കോളര്‍ റിസര്‍വേഷന്‍ സീറ്റില്‍ എസ്.എഫ്.ഐ ആറാമത് സീറ്റ് വിജയിക്കാന്‍ അതേ സീറ്റിലെ എം.എസ്.എഫിന്റെ പ്രധാന സ്ഥാനാര്‍ത്ഥിയെ തന്നെ നവാസ് മാറ്റിക്കൊടുത്തു.
മൂന്നാമത്തെ സീറ്റ് സര്‍പ്ലസ് വോട്ട് വെച്ച് എം.എസ്.എഫ് വിജയിച്ചപ്പോള്‍ 10 സീറ്റ് തികയാന്‍ ഏറ്റവും കൂടിയ വോട്ട് എന്ന നിലക്ക് 33 വോട്ടിലാണ് എം.എസ്.എഫ് നാലാമത് സീറ്റ് ജയിച്ചത്. കെ.എസ്.യുവിന്റെ ആകെ വോട്ട് 27. എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ട 16 വോട്ടിന്റെ കള്ളക്കളി ഇല്ലായിരുന്നെങ്കില്‍ കെ.എസ്.യുവിന് ഒരു സെനറ്റ് മെമ്പര്‍ ഉണ്ടായേനെ.
ആര്‍ഷോയെയും വിദ്യയേയും പ്രതിക്കൂട്ടിലാക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.യുവിനെ കൂട്ട് കച്ചവടം നടത്തി തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ നവാസ് നശിപ്പിച്ചത് എം.എസ്.എഫിന്റെ പാരമ്പര്യത്തെയാണ്,’ കുറിപ്പില്‍ പറയുന്നു.
Content Highlights: fraternity against msf over senate election in university