Fact Check
മാതൃഭൂമിയിലെ ആ വാര്‍ത്ത വ്യാജം; സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാവില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് രത്തന്‍ ടാറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 11, 09:16 am
Saturday, 11th April 2020, 2:46 pm

മുംബൈ: കൊവിഡ് മൂലം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കാര്യമായ പ്രതിസന്ധിയുണ്ടാവില്ല എന്ന് താന്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് രത്തന്‍ ടാറ്റ.

ലോക്ക് ഡൌണിനു ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം തിരിച്ചെത്തുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞെന്ന തരത്തിലായിരുന്നു മാതൃഭൂമി അടക്കമുള്ള പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച വാര്‍ത്ത

എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു സന്ദേശം എഴുതിയിട്ടില്ലെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ടാറ്റയുടെ പ്രതികരണം. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക അക്കൌണ്ടിലൂടെ പറയുമെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.

മാതൃഭൂമി അടക്കമുള്ള വിവിധ പത്രങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളും വ്യാജ പ്രസ്താവന പ്രസിദ്ദീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ത്യാ ടുഡെയുടെ ഫാക്ട് ചെക്കില്‍ ഈ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞിരുന്നു.

‘കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ചയുണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വിദ്ഗധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തേക്കുറിച്ചോ കഠിനാധ്വാനത്തേക്കുറിച്ചോ അറിയില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭാവിയുണ്ടാവില്ലെന്ന് പറഞ്ഞ വിദ്ഗധരെ തിരുത്തിക്കൊണ്ടല്ലേ ജപ്പാന്‍ തിരിച്ച് വന്നത്’.

‘അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തുടച്ച് മാറ്റുമെന്നും വിദ്ഗ്ധരാണ് പറഞ്ഞത്. എയറോഡയനാമിക്‌സ് അനുസരിച്ച് തേനീച്ച വിഭാഗത്തിലുള്ള ബംബിള്‍ ബീയ്ക്ക് പറക്കാന്‍ സാധിക്കില്ല, പക്ഷേ അവ പറക്കുന്നില്ലേ. ഇത്തരത്തില്‍ തന്നെയാണ് കൊറോണ വൈറസിന്റെ കാര്യവും. കൊറോണ വൈറസിന് അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ച് വരും’ എന്ന തരത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ പേരില്‍ സന്ദേശം പ്രചരിച്ചത്.

DoolNews Video