| Saturday, 12th October 2024, 2:00 pm

ടാറ്റയ്ക്ക് സ്തുതി പാടുന്നവരോട്

Subin Dennis

കലിംഗനഗര്‍ എന്ന് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒഡീഷയിലുള്ള ഒരു സ്ഥലമാണ് കലിംഗനഗര്‍. അവിടെ ടാറ്റാ സ്റ്റീല്‍ കമ്പനി ആദിവാസികളുടെ ഭൂമി ബലമായി പിടിച്ചെടുക്കുന്നതിനെതിരെ സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ 2006 ജനുവരി രണ്ടിന് പൊലീസ് വെടിവച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. വലിയ മാധ്യമശ്രദ്ധയൊന്നും സംഭവത്തിന് ലഭിച്ചില്ല. അതാണ് ടാറ്റയുടെ പബ്ലിക് റിലേഷന്‍സിനെ ശക്തി.

ഇന്ത്യ ആസ്ഥാനമായുള്ള കുത്തക കമ്പനികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ടാറ്റാ ഗ്രൂപ്പ് ഉത്തരവാദികളായ നിരവധി ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളിവിരുദ്ധ പ്രവൃത്തികളും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്നത് അപൂര്‍വമാണ്. ”അയ്യോ പാവം ടാറ്റ, ”ടാറ്റ എന്തുനല്ല കമ്പനി” – ഈ ലൈനിലുള്ള ഇമേജാണ് ടാറ്റയ്ക്കുള്ളത്.

ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയി പൊതുസമൂഹത്തിനിടയില്‍ തങ്ങള്‍ക്കുള്ള പരിവേഷം കെട്ടിപ്പടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനിയാണ് ടാറ്റ. എന്നാല്‍ ഈ മൂടുപടമൊക്കെ മാറ്റി നോക്കിയാല്‍ ഏതൊരു കുത്തകക്കമ്പനിയുടെയും പോലെയുള്ള വികൃതമായ മുഖം കാണാം.

രത്തന്‍ ടാറ്റ

ഏറ്റവും പുതിയ കാര്യങ്ങള്‍ തന്നെയെടുക്കാം ആദ്യം. ഫലസ്തീനില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിനെ സഹായിച്ചുകൊണ്ടിരിക്കുന്ന കമ്പനികളിലൊന്നാണ് ടാറ്റ. ഫലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായേല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളുടെ components, ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുന്ന സയണിസ്റ്റ് കയ്യേറ്റക്കാര്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങള്‍, ഇസ്രായേലി അധിനിവേശ സേനയ്ക്കുള്ള cloud computing infrastructure ഒരുക്കുന്ന Project Nimbus – ഇതെല്ലാം ടാറ്റ ഇസ്രായേലിനു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളില്‍പ്പെടും.

നരേന്ദ്ര മോദിക്കൊപ്പം രത്തന്‍ ടാറ്റ

അല്പം പുറകോട്ടു പോയാല്‍, മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഇന്ത്യയിലെ മറ്റു വന്‍കിട കോര്‍പ്പറേറ്റുകളെപ്പോലെ തന്നെ ടാറ്റയും ഒരു പ്രധാന പങ്കുവഹിച്ചതായി കാണാം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നിക്ഷേപക ഉച്ചകോടികളില്‍ രത്തന്‍ ടാറ്റ മോദിയെ പ്രശംസ കൊണ്ട് മൂടിക്കൊണ്ട് നല്‍കിയ പിന്തുണ, മോദിയെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവു തന്നെയായിരുന്നു.

ഗുജറാത്ത് കൂട്ടക്കൊലയ്ക്കു ശേഷമുള്ള വര്‍ഷങ്ങളിലായിരുന്നു ഈ പിന്തുണ എന്നതും ശ്രദ്ധേയമാണ്.

അതിനു ശേഷമാണ് പ്രധാനമന്ത്രി പദം ലക്ഷ്യമാക്കിയുള്ള മോദിയുടെ ക്യാമ്പയിന്‍ ശക്തിപ്പെട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ടാറ്റാ ഗ്രൂപ്പിന്റെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണ ബിജെപിക്കു ലഭിക്കുകയുണ്ടായി. 2018-19-ല്‍ ബിജെപിക്കു ലഭിച്ച കോര്‍പ്പറേറ്റ് സംഭാവനകളില്‍ 75 ശതമാനവും ടാറ്റയുടെ പ്രോഗ്രസ്സിവ് എലക്റ്ററല്‍ ട്രസ്റ്റില്‍ നിന്നായിരുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

മോഹന്‍ ഭഗവതിനൊപ്പം രത്തന്‍ ടാറ്റ

ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവതുമായി രത്തന്‍ ടാറ്റ പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് – നാഗ്പൂരിലുള്ള ആര്‍.എസ്.എസ്. ആസ്ഥാനത്തുതന്നെ. ഇസ്രഈലിനെപ്പറ്റി ആര്‍.എസ്.എസ്. ജിഹ്വയായ Organiser-ന്റെ മുന്‍ എഡിറ്റര്‍ ശേഷാദ്രി ചാരി രചിച്ച പുസ്തകം 2018 ഓഗസ്റ്റില്‍ പ്രകാശനം ചെയ്തത് മോഹന്‍ ഭഗവതും രത്തന്‍ ടാറ്റയും ചേര്‍ന്നായിരുന്നു.

തൊഴിലാളികളുടെ എണ്ണം കുത്തനെ വെട്ടിക്കുറയ്ക്കുക, സ്ഥിരം ജീവനക്കാര്‍ക്കു പകരം കരാര്‍ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പാക്കുക മാത്രമല്ല, തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട് ടാറ്റ.

1993 ഒക്ടോബര്‍ 14-ന് ജംഷെഡ്പൂരിലെ ടാറ്റാ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് വി.ജി. ഗോപാലിനെ വെടിവച്ച് കൊന്നത് ടാറ്റാ മാനേജ്‌മെന്റ് കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സ്ഥിരജോലി ഇല്ലാതാക്കി പകരം കരാര്‍ തൊഴിലാളികളെ നിയമിക്കാനുള്ള ടാറ്റാ സ്റ്റീല്‍ മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ സമരം നയിച്ച നേതാവായിരുന്നു ഗോപാല്‍. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷം കരാര്‍വല്‍ക്കരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ദുര്‍ബലപ്പെട്ടു എന്ന് ‘Criminal Capital’ എന്ന പുസ്തകത്തില്‍ ആന്‍ഡ്രൂ സാഞ്ചെസ് രേഖപ്പെടുത്തുന്നു.

1994-ല്‍ ടാറ്റാ സ്റ്റീലില്‍ 78,000 ജീവനക്കാരുണ്ടായിരുന്നത് 2006-ഓടെ 38,000 ആയും ഇപ്പോള്‍ 36,000 ആയും ചുരുങ്ങി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

യു.എസ്.-ഇന്ത്യ സി.ഇ.ഓ. ഫോറത്തിന്റെ കോ-ചെയര്‍ എന്ന നിലയില്‍ ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു രത്തന്‍ ടാറ്റ.

ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തം കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് രത്തന്‍ ടാറ്റയും ചെയ്തിട്ടുള്ളത് എന്നു കാണാം. മറ്റു കുത്തക കമ്പനികളുടെ തലവന്മാരെപ്പോലെ തന്നെ, തൊഴിലാളികള്‍ക്കു കൊടുക്കുന്ന വേതനം വെട്ടിക്കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹവും ആരാഞ്ഞു.

രത്തന്‍ ടാറ്റ

മറ്റൊരു രാജ്യത്ത് വംശഹത്യ നടത്താനാണ് തന്റെ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് എന്നത് അദ്ദേഹത്തിന് ഒരു വിഷയമായിരുന്നില്ല. കമ്പനിക്ക് ലാഭമുണ്ടാക്കാന്‍, തൊഴിലാളി സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നവരും രക്തരൂഷിതമായ വര്‍ഗീയരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളുമായ നേതാക്കളെയും പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കാന്‍ അദ്ദേഹം തയ്യാറായി.

മറ്റേതൊരു വന്‍കിട കമ്പനിയുടെയും തലവനെപ്പോലെ തന്നെയായിരുന്നു അദ്ദേഹവും എന്നുവേണമെങ്കില്‍ വാദിക്കാം. അത് വേണമെങ്കില്‍ അംഗീകരിക്കാം. (ലാഭത്തിനു മേലേ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ചാല്‍ വന്‍കിട മുതലാളി ”വന്‍കിട” അല്ലാതാവുകയും പോകെപ്പോകെ മുതലാളിസ്ഥാനം തന്നെ നഷ്ടപ്പെടുകയും ചെയ്യും.) അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് സ്തുതിപാടാന്‍ കുറഞ്ഞപക്ഷം ഇടതുപക്ഷക്കാരെങ്കിലും ഇറങ്ങിത്തിരിക്കേണ്ട കാര്യമില്ല.

അതിനിടെ ഒരു വാദം കണ്ടു. ”ഭരണകൂട നയങ്ങള്‍ക്കെതിരെയാകണം വിമര്‍ശനം, ഒറ്റപ്പെട്ട മുതലാളിക്കെതിരെയല്ല” എന്നാണ് ഈ വാദം. തെറ്റാണ് ഈ വാദം.

ഇതിന് രണ്ടു കാരണങ്ങള്‍ പറയാം.

(i) ജനവിരുദ്ധമായ ഭരണകൂട നയങ്ങള്‍ക്കെതിരെ പോരാടണം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ നയങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, ആരുടെ താത്പര്യങ്ങളാണ് ഭരണകൂടം നിറവേറ്റുന്നത് എന്നത് മനസ്സിലാക്കേണ്ടതുണ്ട്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ ഭരണകൂടം ബൂര്‍ഷ്വാ ഭരണകൂടമാണ്. ആ ഭരണകൂടം നിറവേറ്റുന്നത് മൂലധനത്തിന്റെ / ബൂര്‍ഷ്വാസിയുടെ താത്പര്യങ്ങളാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈ തിരിച്ചറിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

2020-21-ലെ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒരു പ്രത്യേകത, ബി.ജെ.പി സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്ന തിരിച്ചറിവ് സമരം ചെയ്ത കര്‍ഷകര്‍ക്കുണ്ടായിരുന്നു എന്നതാണ്. ഈ കാര്‍ഷിക നിയമങ്ങള്‍ അദാനി, അംബാനി തുടങ്ങിയ കുത്തകകളെ സഹായിക്കാനാണ് എന്നും അവര്‍ ആര്‍.എസ്.എസ്സുമായി കൈ കോര്‍ത്തിരിക്കുകയാണ് എന്നും സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സമരസ്ഥലത്തുണ്ടായിരുന്നു.

റിലയന്‍സിന്റെയും അദാനിയുടെയും ഉല്‍പ്പന്നങ്ങളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കുക എന്നത് കര്‍ഷകര്‍ സ്വീകരിച്ച സമരമാര്‍ഗങ്ങളില്‍ ഒന്നായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താത്പര്യത്തിന് അനുകൂലമാണ് എന്ന ബി.ജെ.പി വാദത്തിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍ കര്‍ഷകരെ പ്രാപ്തരാക്കിയത്, ആ നിയമങ്ങള്‍ കൊണ്ട് നേട്ടമുണ്ടാകുക ആര്‍ക്കാണെന്നും കോട്ടമുണ്ടാകുക ആര്‍ക്കാണെന്നുമുള്ളതിനെപ്പറ്റിയുള്ള തിരിച്ചറിവാണ്.

ഈ തിരിച്ചറിവിന്റെ തെളിമയാണ് ഒരു വര്‍ഷം നീണ്ടു നിന്ന സമരത്തില്‍ അടിപതറാതെ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കിയ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.

(ii) ജനവിരുദ്ധമായ ഭരണകൂട നയങ്ങള്‍ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ആ പോരാട്ടം, ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ആ പോരാട്ടം വിവിധയിടങ്ങളില്‍ നടക്കുന്ന ഒന്നാണ്.

തൊഴിലിടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കാനുമൊക്കെയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് മിക്കവാറും ആളുകള്‍ ഭരണകൂട നയങ്ങള്‍ക്കെതിരെയും സംഘടിതമായി പോരാടണം എന്ന തിരിച്ചറിവിലേയ്ക്കെത്തുന്നതും സംഘടിതമായ പോരാട്ടം നയിക്കുന്ന പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നതും.

ഉത്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലാകുന്ന സാമ്പത്തിക ജനാധിപത്യം മുതലാളിത്ത വ്യവസ്ഥിതിയില്‍ സാധ്യമാകില്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യങ്ങളും വേതനവും മറ്റും സാധ്യമാക്കാനുള്ള പോരാട്ടത്തിലൂടെ കടന്നു പോകുന്നവര്‍, മുതലാളിത്തത്തിന്റെ ഈ പരിമിതി മനസ്സിലാക്കുകയും സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുന്നു.

മുതലാളിത്ത ഭരണകൂടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍കിട മുതലാളിമാരാല്‍ നയിക്കപ്പെടുന്ന മൂലധനത്തിന്റെ താത്പര്യമാണ് എന്നും ഈ ഭരണകൂടം ”രാജ്യതാത്പര്യം” എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ”മൂലധന താത്പര്യം” എന്നാണെന്നും ഇത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം അല്ല എന്നും ഉള്ള തിരിച്ചറിവ് ഇല്ലാതെ വരുമ്പോള്‍ എന്തു സംഭവിക്കും?

മൂന്ന് ഉദാഹരണങ്ങള്‍ പറയാം

? ജംഷെഡ്പൂര്‍ പോലെ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലുമില്ലാത്ത, കമ്പനികള്‍ ഭരിക്കുന്ന നഗരങ്ങള്‍ ഉണ്ടാകുന്നതാണ് നല്ലത് എന്ന തെറ്റിദ്ധാരണ ഉണ്ടാകും.
? മേല്‍പ്പറഞ്ഞതുപോലെയുള്ള പരിപാടി പറ്റില്ലെങ്കില്‍, വോട്ടു ചെയ്തു തന്നെ കമ്പനിഭരണം നിലവില്‍ വരുത്തുന്നത് നല്ലതാണെന്ന് ധരിക്കുന്നവര്‍ ഉണ്ടാകും. (ട്വന്റി-20 ആരാധകര്‍ ഇക്കൂട്ടത്തില്‍പ്പെടും.)
? പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്നും ”നല്ലവരായ മുതലാളിമാര്‍”ക്ക് അവ ചുളുവിലയ്ക്ക് വില്‍ക്കുന്നതാണ് നല്ലതെന്നുമുള്ള തെറ്റിദ്ധാരണ പരക്കുകയും അത് പൊതുജനങ്ങളില്‍ വലിയൊരു വിഭാഗം ഏറ്റെടുക്കുകയും ചെയ്യും.

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. മൂലധനത്തിന്റെ ചരിത്രപരമായ പങ്കിനെ വൈരുദ്ധ്യാത്മകമായിട്ടു തന്നെയാണ് കാണേണ്ടത്. ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മൂലധനം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. മുതലാളിത്തത്തെ അട്ടിമറിച്ച് സോഷ്യലിസം സ്ഥാപിക്കാന്‍ കെല്‍പ്പുള്ള ആധുനിക തൊഴിലാളിവര്‍ഗത്തെ സൃഷ്ടിക്കുന്നതും മുതലാളിത്തമാണ്.

ടാറ്റാ പോലുള്ള കമ്പനികളും ഇതേ പങ്ക് നിര്‍വഹിക്കുന്നുണ്ട്. ഉത്പാദനശക്തികളുടെ വളര്‍ച്ച സാധ്യമാക്കുന്നതില്‍ അവര്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഈ മൂലധനശക്തികളുടെ ഭരണം അവസാനിപ്പിച്ച് സോഷ്യലിസം സാധ്യമാക്കണമെങ്കില്‍, മൂലധനശക്തികളുടെ നേതാക്കളെയും പ്രതിനിധികളെയും അതിശയിക്കുന്ന കഴിവ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്.

എന്നുവച്ചാല്‍ രത്തന്‍ ടാറ്റയെപ്പോലെയുള്ളവരെക്കാള്‍ മിടുക്ക് ഈ പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട് എന്ന്. സംഘാടനമികവും അറിവും സാങ്കേതികപരിജ്ഞാനവും ഒക്കെ ഇതില്‍പ്പെടും. രത്തന്‍ ടാറ്റയില്‍ നിന്നും ഇടതുപക്ഷക്കാര്‍ ഉള്‍ക്കൊള്ളേണ്ടത് ഈ പാഠമാകട്ടെ.

content highlights: Ratan Tata’s anti-worker and exploitative stances in history

Subin Dennis

Researcher at Tricontinental: Institute for Social Research

We use cookies to give you the best possible experience. Learn more