| Wednesday, 8th March 2023, 1:26 pm

ഷുക്കൂര്‍ വക്കീല്‍ മുന്നോട്ട് വെച്ച ചുവട് രാജ്യത്തെ ഓരോ ലിബറല്‍ മുസ്‌ലിമിന്റെയും കണ്ണ് തുറപ്പിക്കട്ടെ, നിലപാടിനൊപ്പം: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പങ്കാളിയെ വീണ്ടും വിവാഹം കഴിച്ച നടന്‍ ഷുക്കൂര്‍ വക്കീലിന് അഭിനന്ദനങ്ങളുമായി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. അഭിനയം കൊണ്ടും എടുക്കുന്ന നിലപാടുകള്‍ കൊണ്ടും ഷുക്കൂര്‍ വക്കീല്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ ചുവടുവെപ്പ് രാജ്യത്തെ ലിബറല്‍ മുസ്‌ലിങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് ഷുക്കൂര്‍ വക്കീലിന് ആശംസകളുമായി റസൂല്‍ പൂക്കുട്ടി എത്തിയത്.

‘ഷുക്കൂര്‍ വക്കീല്‍ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ കാണാനാവും. ഒരു അഭിഭാഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തില്‍ നിന്ന് അറിയാനാവും. പിന്നീട് ഞാന്‍ സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്റെ ലാളിത്യം കൊണ്ട് അദ്ദേഹം എന്നെ അമ്പരപ്പിച്ചു.

പക്ഷേ അവിടംകൊണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹം അവസാനിപ്പിക്കുന്നില്ല. ഇന്ന് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറല്‍ മുസ്‌ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ ‘രണ്ടാം വിവാഹ’ത്തില്‍ എനിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്, ധൈര്യപൂര്‍വ്വമുള്ള ആ നിലപാടിനൊപ്പവും. താങ്കള്‍ക്കും താങ്കള്‍ ‘പുതുതായി വിവാഹം കഴിച്ച’ ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക,’ റസൂല്‍ പൂക്കുട്ടി കുറിച്ചു.

തുല്യതക്ക് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്നത് കൊണ്ട് സ്പെഷ്യല്‍ ആക്ട് വഴി താനും പങ്കാളിയായ ഷീനയും വീണ്ടും വിവാഹിതരാകുകയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഷുക്കൂര്‍ വക്കീല്‍ അറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്‌ലിം വ്യക്തിനിയമം ബാധിക്കുകയില്ലെന്ന സാധ്യതയെ തേടുകയാണെന്നും തങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

1937ലെ മുസ്‌ലിം വ്യക്തി നിയമം പ്രകാരം പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ മക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന ഒരു ഭാഗം മാതാപിതാക്കളുടെ സഹോദരങ്ങള്‍ക്കാണ് ലഭിക്കുക. ഈ പശ്ചാത്തലത്തിലാണ് ഷുക്കൂറും ഷീനയും വീണ്ടും വിവാഹം ചെയ്തത്.

Content Highlight: Rasul Pookutty congratulates Shukkur Vakeel who remarried his partner under the Special Marriage Act

We use cookies to give you the best possible experience. Learn more