വല്ലാത്തൊരു തിരിച്ചടി, വെറുതെ സെഞ്ച്വറി അടിച്ചു; 200 സ്ട്രൈക്ക് റേറ്റിൽ തൂക്കിയടിച്ചിട്ടും രക്ഷയില്ലാതെ പാക് സൂപ്പർ ടീം
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്ക് തകര്‍പ്പന്‍ ജയം. ലോഹോര്‍ ഖലന്ദേഴ്‌സിനെ നാല് വിക്കറ്റുകള്‍ക്കാണ് പെഷവാര്‍ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ലാഹോറിന്റെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്.
മത്സരം പരാജയപ്പെട്ടെങ്കിലും ലാഹോറിനായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം വാന്‍ ഡെര്‍ ഡസ്സന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി. 52 പന്തില്‍ പുറത്താവാതെ 104 റണ്‍സാണ് വാന്‍ ഡെര്‍ ഡസ്സന്‍ നേടിയത്. ഏഴു ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലാഹോര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാല്‍മി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്.
സാല്‍മിയുടെ ബാറ്റിങ്ങില്‍ സായിം അയൂബ് 55 പന്തില്‍ 88 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും നാല് സിക്‌സുകളും ആണ് അയൂബ് നേടിയത്. നായകന്‍ ബാബര്‍ അസം 34 പന്തില്‍ 48 റണ്‍സും റോവ്മാന്‍ പവല്‍ 20 പന്തില്‍ 46 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ലോഹോര്‍ ബൗളിങ് നിരയില്‍ നായകന്‍ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോറിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുക്കാനാണ് സാധിച്ചത്. വാന്‍ ഡെര്‍ ഡസ്സന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയെങ്കിലും എട്ട് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
Content Highlight: Rassie van der Dussen score century in PSL