| Wednesday, 25th October 2023, 10:48 am

അതിന്റെ പരിണിത ഫലവും അനുഭവിച്ചു; അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളെ ഓസ്‌കാര്‍ നെറുകയിലെത്തിച്ച അഭിമാനമാണ് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി. കാലങ്ങളായി ശബ്ദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന റസൂല്‍ പൂക്കുട്ടി ‘ഒറ്റ’ എന്ന സിനിമയിലൂടെ ആദ്യമായി ഒരു സംവിധായകനാവുകയാണ്.

എന്നാല്‍ ഇപ്പോള്‍ താന്‍ ഫിലിം സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ചില അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് അദ്ദേഹം. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമറ്റോഗ്രഫിയും സംവിധാനവുമാണ് കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുക. സൗണ്ട് തിരഞ്ഞെടുക്കുന്നവര്‍ കുറവാണ്. ഞാന്‍ സൗണ്ടാണ് തിരഞ്ഞെടുത്തത്. കാരണം എനിക്ക് ഈ മേഖലയിലേക്ക് വരാനുള്ള എളുപ്പ വഴി അതായിരുന്നു.

സിനിമറ്റോഗ്രഫിയും സംവിധാനവും എനിക്ക് അറിയില്ലായിരുന്നു. അതിനെ പറ്റി യാതൊരു പിടിയുമില്ലായിരുന്നു. സിനിമ കണ്ടുള്ള പ്രാന്ത് മാത്രമേയുള്ളൂ. എന്നാല്‍ ഫിസിക്‌സ് എനിക്ക് അറിയാമായിരുന്നു. അപ്പോള്‍ സൗണ്ടില്‍ കയറാം.

ഒരിക്കല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെട്ടു കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ലല്ലോ. അതിന്റെ പരിണിത ഫലവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സൗണ്ടിനെക്കാള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുള്ളത് ഡയറക്ഷന്റെ ക്ലാസാണ്.

അപ്പോള്‍ ഒരു സെമസ്റ്ററില്‍ എനിക്ക് പണിഷ്‌മെന്റ് കിട്ടി. അറ്റന്‍ഡന്‍സില്ലെന്ന് പറഞ്ഞിട്ട് എന്റെ സ്‌കോളര്‍ഷിപ് കട്ട് ചെയ്തു. ഞാന്‍ അന്ന് എത്രത്തോളം കരഞ്ഞെന്ന് മറ്റാര്‍ക്കുമറിയില്ല.

ഞാന്‍ ഓസ്‌ക്കാറും വാങ്ങിയിട്ട് പോയപ്പോള്‍ എന്റെ പ്രൊഫസര്‍ എന്നെ പറ്റി വളരെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. ഞാന്‍ അന്ന് മനസ്സില്‍ ചോദിച്ചു, ‘എന്റെ ലാസ്റ്റ് സെമസ്റ്ററിലെ സ്‌കോളര്‍ഷിപ് കട്ട് ചെയ്തത് ഓര്‍മ്മയുണ്ടോ,’ എന്ന്. അറ്റന്‍ഡന്‍സില്ലെന്ന് പറഞ്ഞിട്ട് എന്റെ സ്‌കോളര്‍ഷിപ് കട്ട് ചെയ്തപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. കാരണം ഫീസടക്കാന്‍ എന്റെ കയ്യില്‍ പൈസ ഉണ്ടായിരുന്നില്ല,’ റസൂല്‍ പൂക്കുട്ടി പറയുന്നു.

അതേസമയം, റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ‘ഒറ്റ’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 27ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലി നായകനാവുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Rasool Pookutty Talks About Film School

We use cookies to give you the best possible experience. Learn more