Malayalam Cinema
സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം എന്തുകൊണ്ട് മലയാളത്തിലായെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'ഒറ്റ' : റസൂൽ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 22, 09:57 am
Sunday, 22nd October 2023, 3:27 pm

മലയാളികളെ ഓസ്കാർ നെറുകയിൽ എത്തിച്ച അഭിമാനമാണ് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂൽ പൂക്കുട്ടി. കാലങ്ങളായി ശബ്‌ദ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന റസൂൽ പൂക്കുട്ടി ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു സംവിധായകന്റെ കുപ്പായമണിയുകയാണ്.

ആദ്യ സിനിമ മലയാളത്തിൽ തന്നെയാണ് ഒരുങ്ങുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ആസിഫ് അലി, ഇന്ദ്രജിത്ത്, അർജുൻ അശോകൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം പുറത്തിറങ്ങാനിരിക്കെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് റസൂൽ പൂക്കുട്ടി.
‘കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞാൻ ജീവിച്ച എന്റെ ജീവിതമാണ് ഒറ്റ എന്ന ചലച്ചിത്രം,’ റസൂൽ പറയുന്നു.
മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ ഭ്രാന്ത് എനിക്ക് പണ്ടുമുതലേയുണ്ട്. പക്ഷെ ഒരു ഭൗതികശാസ്ത്രജ്ഞനായി ഇന്ത്യക്കായി നോബൽ സമ്മാനം വാങ്ങണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാൽ സിനിമയോടുള്ള താത്പര്യം കാരണം ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിപ്പെടുകയായിരുന്നു. അന്നൊക്കെ ഒരു സിനിമ സംവിധാനം ചെയുക എന്നതായിരുന്നു എന്റെ വലിയ ആഗ്രഹം. ഒരു സിനിമക്കാരനായി മരിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷം. ഫിസിക്സ്‌ പഠിച്ചത് കൊണ്ടും സൗണ്ടിനെ കുറിച്ചത്യാവശ്യം ധാരണയുള്ളത് കൊണ്ടും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നുഴഞ്ഞുകയറാൻ പറ്റി.

ഉള്ളിന്റെ ഉള്ളിൽ എന്നും ഒരു ഫിലിം മേക്കർ ഉണ്ടായിരുന്നു. ഇന്നത്തെ കരിയറിൽ സൗണ്ടുമായി ബന്ധപ്പെട്ട ഒരുപാട് വർക്കുകൾ എന്നെ തേടി വരുന്നുണ്ട്. ജീവിച്ചു പോകാൻ അതുമതി. പക്ഷേ ഒരു സിനിമാക്കാരന് അങ്ങനെ ഇരിക്കാൻ സാധിക്കില്ല. അയാൾ തീർച്ചയായും കംഫർട്ട് സോണിന് പുറത്തേക്ക് വരേണ്ടതുണ്ട്. അങ്ങനെയാണ് ഞാൻ സിനിമ ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്. തീർച്ചയായും ഇതൊരു ആവേശകരമായ യാത്രയാണ്. അങ്ങനെയാണ് ഒറ്റ യിലേക്ക് എത്തുന്നത്.

എനിക്ക് വളരെ അടുത്തറിയുന്ന ഒരാളുടെ ജീവിതത്തിലെ വളരെ കഠിനമായ ഒരു യാത്രയാണ് ഒറ്റ എന്ന സിനിമ. ആ യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ജീവിതത്തിലെ അനുഭവങ്ങളും ചെറിയ ചെറിയ കാര്യങ്ങളുമെല്ലാം ഞാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു. അങ്ങനെയുള്ള ജീവിതത്തിന് മറ്റുള്ളവരുടെ നിലനിൽപ്പിനെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. അത്തരത്തിലുള്ള കഥ പറയുന്ന ചിത്രങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. ഡ്രാമ വിഭാഗത്തിൽ വരുന്ന സിനിമകളാണ് വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടം. പല തരത്തിലുള്ള സിനിമകൾ ചെയ്യാനുള്ള സാധ്യതകൾ എന്റെ മുന്നിലേക്ക് വന്നപ്പോൾ ഒറ്റ യെന്ന ഈ ചിത്രം ഞാൻ തെരഞ്ഞെടുക്കാൻ കാരണം അതാണ്.

മലയാളമാണ് ഞാൻ പഠിച്ച എന്റെ ഭാഷ. ചെറുപ്പം മുതലേ മലയാള സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഇവിടെ ഈ നിലയിൽ എത്തി ചേർന്നത് തന്നെ മലയാള സിനിമ മുഖാന്തരമാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ സിനിമ എന്തുകൊണ്ട് മലയാളത്തിൽ നിന്ന് ആയിക്കൂടാ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഒറ്റ എന്ന ഈ സിനിമ.

ഒറ്റയിലെ അഭിനേതാക്കൾ ആണെങ്കിലും അതിൽ പറയുന്ന ജീവിതമാണെങ്കിലും അതെല്ലാം വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞാൻ ജീവിച്ച എന്റെ ജീവിതമാണ് ഒറ്റ എന്ന ചലച്ചിത്രം. അത് ഈ 27 ന് ഞാൻ മലയാളികൾക്ക് സമ്മാനിക്കുന്നു,’റസൂൽ പൂക്കുട്ടി പറയുന്നു.

Content Highlight: Rasool Pookutty Talk About His New Movie Otta