| Thursday, 26th October 2023, 6:09 pm

'ആ സിനിമ ചെയ്യാൻ ഞാൻ ഗാന്ധിയെയായിരുന്നു ഫോളോ ചെയ്തത്, പക്ഷെ സ്വീകരിക്കപ്പെട്ടില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഓസ്കാർ നേടിത്തന്ന സ്ലം ഡോഗ് മില്യണിയറിനേക്കാൾ പ്രിയപ്പെട്ട മറ്റൊരു സിനിമയെക്കുറിച്ച് പറയുകയാണ് റസൂൽ പൂക്കുട്ടി. ‘ഗാന്ധി മൈ ഫാദർ’ എന്ന ആ ചിത്രം വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിലേക്ക് എത്തിയില്ലായെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്.

‘എനിക്കൊരുപാട് കാര്യങ്ങൾ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്. പക്ഷെ അതാരും കണ്ടില്ല. അതിനെ കുറിച്ച് ആരും കേട്ടില്ല. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് പ്രേക്ഷകർ കാണണമെന്ന്,’റസൂൽ പൂക്കുട്ടി പറയുന്നു.

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ യെന്ന ചിത്രം റിലീസിന് ഒരുങ്ങവെ ധന്യ വർമ്മയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഏറെ ഇഷ്ടത്തോടെ ചെയ്ത എന്റെയൊരു സിനിമ വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിലേക്ക് എത്തിയില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതാണ് എന്റെ അതിഗംഭീര വർക്കായി ഞാൻ കണക്കാക്കുന്നത്. ഗാന്ധി മൈ ഫാദർ ആണ് ആ സിനിമ. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ആ സിനിമ പറയുന്നത്. ഞാൻ ആ സിനിമയ്ക്ക് വേണ്ടി എന്നെകൊണ്ട് കഴിയുന്ന പോലെ അസാധാരണമായി ശ്രമിച്ചിരുന്നു. സ്ലം ഡോഗ് മില്യണിയറിന് മുൻപ് ചെയ്ത ചിത്രമാണത്. പക്ഷെ അത് പ്രേക്ഷകർക്കിടയിലേക്ക് എത്താതെ പോയി. എനിക്കത് വലിയ വിഷമമുണ്ടാക്കിയിരുന്നു.

അനിൽ കപൂർ ആയിരുന്നു ആ ചിത്രം നിർമിച്ചത് ഫിറോസ് ഖാൻ സംവിധാനവും ചെയ്തു. അവർക്കും ആ സിനിമയിൽ നിന്ന് സാമ്പത്തികമായിട്ടാണെങ്കിലും അല്ലാതെയും ഒന്നും നേടാൻ കഴിഞ്ഞില്ല. പക്ഷെ എന്റെ അഭിപ്രായത്തിൽ അതൊരു ഗംഭീര സിനിമയായിരുന്നു.

സിംപ്ലിസിറ്റി എന്ന് പറയുന്നത് ഒരു എളുപ്പമുള്ള കാര്യമില്ലായിരുന്നു. ആ പടം ചെയ്യാനായി ഞാൻ ഗാന്ധിയെ ആയിരുന്നു പിന്തുടർന്നത്. നമ്മൾ ഏറ്റവും മിതമായ രീതിയിൽ സിംപിളായി ഒരു കാര്യത്തെ സമീപിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഒരു കാര്യം നേടാൻ വേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം. ഒരു സീനിന് വേണ്ടി നൂറുകൂട്ടം ശബ്ദങ്ങളെല്ലാം നമുക്ക് ഒരുമിച്ചു കൊണ്ടുവരാം. എന്നാൽ അതിൽ നിന്ന് ഒന്ന് ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.

കലാപരമായി ഒരു കാര്യം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കണം. ഞാൻ ആ സിനിമയിൽ നിന്നാണ് അത് പഠിച്ചത്. എനിക്കൊരുപാട് കാര്യങ്ങൾ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്. പക്ഷെ അതാരും കണ്ടില്ല. അതിനെ കുറിച്ച് ആരും കേട്ടില്ല. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് പ്രേക്ഷകർ കാണണമെന്ന്. പക്ഷെ അതൊരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,’ റസൂൽ പൂക്കുട്ടി പറയുന്നു.

അതേസമയം റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ഒറ്റ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Rasool Pookutty Talk About Gandhi The Father Movie

We use cookies to give you the best possible experience. Learn more