റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ‘ഒറ്റ’ യെന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ആസിഫ് അലി, സത്യരാജ്, ഇന്ദ്രജിത്ത്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ടോക്സിക് പേരന്റിങ്ങിനെ കുറിച്ചാണ് പറയുന്നത്.
സിനിമ നിരൂപണം വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒറ്റയെ കുറിച്ചുള്ള റിവ്യൂസും താൻ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്.
സിനിമ കണ്ടിട്ട് ഒരാൾ ഇതൊരു മെഗാ സീരിയലാണെന്ന് അഭിപ്രായപെട്ടെന്നും തന്റെ സിനിമ ശുദ്ധമായ മനുഷ്യന്റെ ജീവിതമാണ് പറയുന്നതെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.
മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമ ഒരു മെഗാ സീരിയൽ ആണെന്ന് ആരോ പറയുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എനിക്ക് അവരോട് പറയാനുള്ളത്, ഈ സിനിമയിലെ കഥാപാത്രമായ ഹരിയുടെ ജീവിതം ഒരു മെഗാ സീരിയൽ അല്ല എന്നാണ്.
അയാൾ ചെന്നൈയിൽ പോയി ഏതെങ്കിലും പബ്ബിലോ ക്ലബ്ബിലോ പോയിരുന്നെങ്കിൽ എനിക്ക് ഒരു ഐറ്റം സോങ് സിനിമയിൽ ആഡ് ചെയ്യാമായിരുന്നു. അയാൾ ജീവിതത്തിൽ രണ്ടുപേരെ കുത്തിക്കൊന്നിരുന്നുവെങ്കിൽ എനിക്ക് രണ്ടുമൂന്ന് ഫൈറ്റ് സിനിമയിൽ ഉൾപ്പെടുത്താമായിരുന്നു. അതൊന്നുമില്ലാത്ത ഒരു ശുദ്ധമായ മനുഷ്യന്റെ ജീവിതമാണ് ഞാൻ സിനിമയിൽ പറയുന്നത്. എന്റെ സിനിമയിൽ ഹീറോയിസം ഇല്ല. നമ്മുടെ ജീവിതത്തിൽ എവിടെയാണ് ഹീറോയിസം ഉള്ളത്.
സീരിയൽ കാണുന്ന ആളുകളെല്ലാം മോശക്കാരാണോ. പണ്ട് നമ്മൾ മാപ്രസിദ്ധീകരണങ്ങളെ കുറ്റം പറഞ്ഞിട്ടുണ്ട്. പക്ഷേ വായനയുടെ ആദ്യത്തെ തുടക്കം അതിൽ നിന്നല്ലേ ഉണ്ടായത്. അതുകൊണ്ടു വന്ന വായനാശീലം മറ്റേതെങ്കിലും മുന്നേറ്റം ഇവിടെ ഉണ്ടാക്കിയിട്ടുണ്ടോ?
ഒരു വിഭാഗം ജനങ്ങളുടെ ആസ്വാദന നിലവാരം കുറച്ചു താഴെയാണെന്ന് കരുതി അവർ അപമാനിക്കപ്പെടണമെന്നാണോ.
എനിക്ക് വേണമെങ്കിൽ അവർക്കെതിരെ മുന്നോട്ട് പോകാം. എൻെറ സിനിമയുടെ പോസ്റ്റർ പിന്നിൽ വച്ചിട്ടാണ് അവരിത് പറഞ്ഞിട്ടുള്ളത്. പുതിയ ഹൈ കോർട്ട് നിർദ്ദേശ പ്രകാരം എനിക്കത് ചെയ്യാൻ കഴിയും. പക്ഷെ ഞാനത് ചെയ്യുകയാണെങ്കിൽ അവരുടെ നിലവാരത്തിലേക്ക് ഞാനും താഴ്ന്ന് പോവില്ലേ. ആ മൂല്യമല്ല ഒറ്റയെന്ന സിനിമ ഉയർത്തി പിടിക്കുന്നത്,’ റസൂൽ പൂക്കുട്ടി പറഞ്ഞു.
Content Highlight: Rasool Pookutty Talk About Criticism Against otta movie