| Friday, 3rd November 2023, 8:29 am

ആടുകൾ സംസാരിക്കുന്നുണ്ട് ആടുജീവിതത്തിൽ, ആടുകളെ കിട്ടാനായിരുന്നു ബുദ്ധിമുട്ട് : റസൂൽ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്.

മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ പുസ്തകമായിരുന്നു ബെന്യാമിന്റെ ആടുജീവിതം. കഥ സിനിമയാകുമ്പോൾ അത് എങ്ങനെയായിരിക്കും ബ്ലെസി ഒരുക്കുന്നതെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

‘എല്ലാ മലയാളികളുടെ മനസിലും ഒരു ആടുജീവിതമെന്ന സിനിമയുണ്ട്. ആ സിനിമയെ ബ്ലെസി ഒരുക്കിയ ആടുജീവിതവുമായി താരതമ്യം ചെയ്യുമോ എന്നതാണ് പ്രശ്നമെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി പറയുന്നു. ആടുജീവിതത്തിനായി ആടുകളെ കിട്ടുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു. ആദ്യമായി സംവിധാനം ചെയ്ത ‘ഒറ്റ’ യെന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സില്ലി മോങ്ക്സ് മോളിവുഡിനോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ മലയാളികളുടെ മനസിലും ആടുജീവിതം എന്നൊരു സിനിമയുണ്ട്. ആ സിനിമയും ബ്ലെസി ഒരുക്കിയ ആടുജീവിതവുമായി താരതമ്യം ചെയ്യുമോ എന്നതാണ് പ്രശ്നം. അവിടെയാകും നിരൂപകർ ബ്ലെസിയെ അറ്റാക്ക് ചെയ്യാൻ പോവുന്നത്. എന്റെ മനസിലുള്ള ആടുജീവിതമല്ലല്ലോ ബ്ലെസി ഉണ്ടാക്കിയത്. അത് ബ്ലെസിയുടെ ആടുജീവിതമാണ്. ബ്ലെസിയുടെ വിഷനിൽ ഉള്ള ആടുജീവിതമാണ്.

ആ വിഷനോടൊപ്പം ഞങ്ങൾ എല്ലാവരും നടന്നു എന്നതാണ് ശരി. എല്ലാ സിനിമയ്ക്കും ബുദ്ധിമുട്ടുണ്ട്. ആടുജീവിതത്തിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ആടുജീവിതത്തിലെ ആടുകളെ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഇവിടെയുള്ള ആടല്ലല്ലോ സിനിമയിലുള്ളത്. അവരുടെ ജീവിത രീതി തന്നെ വളരെ വ്യത്യസ്തമല്ലേ.

ഇവിടുത്തെ ആടുകളുടെ ശബ്ദമായി അതിനെ കൂട്ടിയോജിപ്പിക്കാൻ പറ്റില്ലല്ലോ.
ആടുകൾ സംസാരിക്കുന്നുണ്ട് ആടുജീവിതത്തിൽ. അവരുടെ ഇമോഷൻസ് ഉണ്ട്. അത് എടുക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. അവറ്റകളുടെ ശബ്‌ദത്തിൽ ഇമ്മോഷൻസ് കൊണ്ട് വരുക എന്നത് വളരെ പ്രയാസകരമാണ്.

2.O എന്ന ചിത്രം എല്ലാവരും കണ്ടിട്ടുണ്ടാവും. അതൊരു വലിയ ഫോർമാറ്റിൽ ഉള്ള ചിത്രമാണ്. പക്ഷെ എന്നെ സംബന്ധിച്ച് അതിലെ ഒരു സീനാണ് ആ ചിത്രത്തിലെ ഏറ്റവും വലിയ ഭാഗം. പറയുമ്പോൾ അതൊരു സിമ്പിൾ സീനാണ്. നിശബ്ദതയിൽ ഒരു പക്ഷി മരിക്കുന്ന സീൻ ആണത്. അത് അവസാനമായിട്ട് എടുക്കുന്ന ശ്വാസമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്നെ സംബന്ധിച്ച് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതായിരുന്നു. അതുപോലെ ഒരുപാട് മുഹൂർത്തങ്ങൾ ആടുജീവിതത്തിലുമുണ്ട്,’ റസൂൽ പൂക്കുട്ടി പറഞ്ഞു.

അതേ സമയം റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി, സത്യരാജ്, അർജുൻ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

Content Highlight: Rasool Pookutty Talk About Adujeevitham Film

Latest Stories

We use cookies to give you the best possible experience. Learn more