വലിയ രീതിയില്‍ പ്രൊമോഷന്‍ നല്‍കി കൊട്ടിഘോഷിച്ച് തിയേറ്ററിലെത്തിയ ചിത്രമാണ് കങ്കുവ. 2 വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ കഴിഞ്ഞദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും വളരെ മോശം അഭിപ്രായമാണ് കങ്കുവക്ക് ലഭിച്ചത്. ചിത്രത്തിന്റെ നെഗറ്റീവുകളില്‍ പലരും എടുത്തുപറയുന്ന ഘടകമാണ് സൗണ്ട് മിക്‌സിങ്.
ചെവി തുളക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ സൗണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ കങ്കുവയുടെ സൗണ്ട് മിക്‌സിങ്ങിനെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. റീ- റെക്കോര്‍ഡിങ് മിക്‌സര്‍ കൂടിയായ തന്റെ ഒരു സുഹൃത്ത് പങ്കുവെച്ച വീഡിയോ കണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പൂക്കുട്ടി തന്റെ പോസ്റ്റ് ആരംഭിച്ചത്.
ഇത്തരം പോപ്പുലര്‍ സിനിമകളില്‍ സൗണ്ടിനെക്കുറിച്ച് പരാതി ഉയര്‍ന്നുവരുന്നത് നിരാശ നല്‍കുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഉച്ചത്തിലുള്ള ശബ്ദം കാരണം സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെപ്പോയെന്നും ആരെയാണ് ഇതിന് കുറ്റപ്പെടുത്തേണ്ടതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സൗണ്ട് ഡിസൈനറെയാണോ അതോ അവസാനനിമിഷത്തില്‍ ഇത്രയും കുറവുകള്‍ വരുത്തിയവരെയാണോ എന്നും പൂക്കുട്ടി ചോദിച്ചു. കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച് മാപ്പുപറയേണ്ട സമയം അതിക്രമിച്ചെന്നും തിയേറ്ററിലെത്തുന്നവര്‍ക്ക് തലവേദന സമ്മാനിക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
റീ- റെക്കോഡിങ് മിക്‌സര്‍ കൂടിയായ എന്റെ സുഹൃത്ത് അയച്ചുതന്ന ക്ലിപ്പാണിത്. ഇത്തരം പോപ്പുലര്‍ സിനിമകളില്‍ ശബ്ദത്തെക്കുറിച്ച് പരാതി ഉയര്‍ന്നുവരുന്നത് നിരാശ നല്‍കുന്ന കാര്യമാണ്. ശബ്ദം ഉച്ചത്തിലാകുമ്പോള്‍ സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെ പോവുകയാണ്. ആരെയാണ് ഇതില്‍ കുറ്റപ്പെടുത്തേണ്ടത്? സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകളെയാണോ? അതോ അവസാനനിമിഷത്തില്‍ ഇത്രയും കുറവ് വരുത്തിയവരെയാണോ?