കൊച്ചി: മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി. പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസനീയമാണെങ്കില്‍ മലയാളസിനിമയുടെ ക്രിയേറ്റീവ് സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2018ല്‍ താന്‍ വായിച്ച മികച്ച തിരക്കഥകളിലൊന്നായിരുന്നു മാമാങ്കത്തിന്റെതെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളസിനിമയെ എത്തിക്കാനുള്ള എല്ലാ സാധ്യതകളും അതിനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിങ്ങനെ അവസാനിക്കേണ്ടി വരുന്നതില്‍ ദു:ഖമുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയിരുന്ന ധ്രുവനെ പുറത്താക്കിയത് മുതലായിരുന്നു മാമാങ്കത്തിലെ പ്രശ്‌നങ്ങള്‍ പുറംലോകമറിഞ്ഞത്. പിന്നീട് തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്റ്റര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ തുടങ്ങിയവരെയും ചിത്രത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
അവസാനം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാവനുള്ള ഗൂഢാലോചന നടക്കുന്നതായും കാണിച്ച് സംവിധായകന്‍ സജീവ് പിള്ള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എം.പത്മകുമാറാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത്. ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒഴിവാക്കിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി കത്ത് നല്‍കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തന്നെ കായികമായി നേരിടുമെന്ന് ഭീഷണി നേരത്തെയും ഉണ്ടായിരുന്നെന്ന് സംവിധായകന്‍ പരാതിയില്‍ പറയുന്നു. രണ്ട് യുവാക്കള്‍ സംശയാസ്പദമായ രീതിയില്‍ തന്നെ അന്വേഷിച്ച് വന്നെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നുണ്ട്.
DoolNews video