|

മമ്മൂക്കയും മോഹന്‍ലാലുമൊഴികെ മറ്റാരും മലയാളത്തില്‍ താരമെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നില്ല: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപകാലത്ത് കണ്ടതില്‍ ഇഷ്ടപ്പെട്ട മലയാള സിനിമകളെ പറ്റി സംസാരിക്കുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. പുഴു, മിന്നല്‍ മുരളി, ന്നാ താന്‍ കേസ് കൊട് മുതലായ ചിത്രങ്ങളാണ് അടുത്ത കാലത്ത് തനിക്ക് ഇഷ്ടപ്പെട്ട മലയാളം സിനിമകളെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മാറ്റിനിര്‍ത്തിയാല്‍ മറ്റാരും താരമെന്ന നിലയില്‍ മലയാളത്തില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടുത്തിടെ കണ്ട മലയാള സിനിമകളില്‍ പുഴു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മിന്നല്‍ മുരളി ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ന്നാ താന്‍ കേസ് കൊട് കണ്ട് ഒരുപാട് ചിരിച്ചു.

മലയാളം സിനിമയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് എഴുത്താണ്. മമ്മൂക്കയേയും മോഹന്‍ലാലിനേയും മാറ്റിനിര്‍ത്തിയാല്‍ ക്യാമറയുടെ മുമ്പിലുള്ള ആരും താരമെന്ന നിലയില്‍ ഇവിടെ പരിഗണിക്കപ്പെടുന്നില്ല. പ്രേം നസീര്‍, മധു തുടങ്ങിയ പരമ്പരയില്‍ നിന്നും വരുന്നവരാണ് അവര്‍. ബാക്കിയുള്ളവര്‍ സിനിമയെ സ്‌നേഹിക്കുന്നവരാണ്. അതുകൊണ്ടാണ് അവര്‍ ഒരേ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.

മള്‍ട്ടി സ്റ്റാര്‍ എന്ന് പറയുന്ന സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കെല്ലാം അവരുടേതായ വിസിബിലിറ്റി ഉണ്ട്. എന്റെ സിനിമകള്‍ തന്നെ നോക്കൂ, അതില്‍ ഒരുപാട് ആര്‍ടിസ്റ്റുകളുണ്ട്. ഒറ്റ എന്ന സിനിമയില്‍ ആസിഫ് അലിയുണ്ട്, അര്‍ജുന്‍ അശോകനുണ്ട്, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ഹിന്ദിയില്‍ നിന്നും ആദില്‍ ദിവ്യദത്ത തുടങ്ങിയവരുണ്ട്.

സിനിമയെ സ്‌നേഹിക്കുന്നത് കൊണ്ടാണ് അവരെല്ലാം ഒന്നിച്ച് വന്നത്. അതാണ് ഞങ്ങളെ എല്ലാവരേയും ഒന്നിച്ച് നിര്‍ത്തുന്നത്, പ്രത്യേകിച്ച് മലയാളം സിനിമയില്‍,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ഒറ്റ ഒക്ടോബര്‍ 27നാണ് റിലീസ് ചെയ്തത്. ആസിഫ് അലി നായകനായ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Rasool Pookutty about mammootty and mohanlal