ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചു വിളിച്ചേനെ; ദൈവം എന്നോട് കരുണ കാട്ടിയില്ല: റസൂൽ പൂക്കുട്ടി
Film News
ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചു വിളിച്ചേനെ; ദൈവം എന്നോട് കരുണ കാട്ടിയില്ല: റസൂൽ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 8:37 pm

ഓസ്‌കാര്‍ മലയാളി മണ്ണിലെത്തിച്ച സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമാണ് റസൂല്‍ പൂക്കുട്ടി. കാലങ്ങളായി ശബ്ദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന റസൂല്‍ പൂക്കുട്ടി ‘ഒറ്റ’ എന്ന സിനിമയിലൂടെ ആദ്യമായി ഒരു സംവിധായകനാവുകയാണ്.

തന്റെ ഉമ്മയുടെ വേർപാടിനെക്കുറിച്ച് സംസാരിക്കുകയാണ് റസൂൽ പൂക്കുട്ടി. ഉമ്മയുടെ വേർപാട് തനിക്ക് അംഗീകരിക്കാൻ പറ്റിയിരുന്നില്ലെന്നും അന്ന് രണ്ട് മാസത്തോളം താൻ എവിടെയും പോയിരുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

ഓസ്കാർ കിട്ടിയതിന് ശേഷം ഒരാൾ തന്നെ വിളിച്ചിട്ട് അമ്മമാരേ ആദരിക്കുന്ന ചടങ്ങിലേക്ക് തന്റെ ഉമ്മയെ വിളിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ തന്റെ ഉമ്മ മരിച്ചിട്ടുണ്ട് തന്റെ മൂത്ത പെങ്ങളെ അയക്കാൻ പറ്റുമോയെന്ന് ചോദിച്ചെന്നും പക്ഷെ പിന്നെ അവർ തന്നെ തിരിച്ചു വിളിച്ചില്ലെന്നും റസൂൽ പൂക്കുട്ടി പറയുന്നുണ്ട്. ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ തന്നെ തിരിച്ചു വിളിച്ചേനെയെന്നും ദൈവം തന്നോട് കരുണ കാണിച്ചില്ലെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉമ്മയുടെ വേർപാട് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു. അതെനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്കൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടുമാസത്തോളം എനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്നില്ല. ഞാൻ വിചാരിച്ചിരുന്നത് എനിക്ക് ഒരാളുമായിട്ട് ഇനി അടുക്കാൻ കഴിയില്ല എന്നായിരുന്നു. എനിക്കൊരാളോടും ഇമോഷണലി കണക്ട് ആവാൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾ ജനിക്കും, അതുപോലെതന്നെ മരിക്കും. ദൈവം എന്നോട് ദയ കാണിക്കുന്നില്ല എന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന് ഉമ്മയെ കുറച്ചുകൂടി ഇവിടെ നിർത്താമായിരുന്നു. ഞാൻ എവിടെയെങ്കിലും എത്തുമെന്ന് ഉമ്മ വിശ്വസിച്ചിരുന്നു.

ഓസ്‌കാറിന്‌ ശേഷം ആരോ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘ഞങ്ങൾ അമ്മമാരെ ആദരിക്കുന്ന ചടങ്ങിൽ താങ്കളുടെ ഉമ്മയെ വിളിക്കാൻ ആഗ്രഹമുണ്ട്’ എന്ന്. അപ്പോൾ എനിക്ക് ഉമ്മ ഇല്ല, ഉമ്മ മരിച്ചിരുന്നു. ‘ഉമ്മക്ക് പകരം ഞാൻ എന്റെ മൂത്ത പെങ്ങളെ അയക്കാം, അത് മതിയോ’എന്ന് ചോദിച്ചു. അവർ എന്നെ പിന്നെ തിരിച്ചു വിളിച്ചില്ല. എനിക്ക് അതിലും വലിയ ദുഃഖമില്ല. ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചു വിളിക്കുമായിരുന്നല്ലോ,’ റസൂൽ പൂക്കുട്ടി ഓർക്കുന്നു.

അതേസമയം, റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 27ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലി നായകനാവുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Rasool pookutty about his mother