സൗണ്ട് ഡിസൈനറില്‍ നിന്നും സംവിധായകന്റെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി. ഒറ്റ എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഓസ്‌കാര്‍ കിട്ടിയ ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് ഒരു വര്‍ക്കും കിട്ടിയില്ലെന്ന് പറയുകയാണ് അദ്ദേഹമിപ്പോള്‍. സൗത്ത് ഇന്ത്യന്‍ സിനിമയില്ലെങ്കില്‍ താന്‍ പാപ്പരായേനെ എന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒറ്റില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അര്‍ജുന്‍ അശോകനും അദ്ദേഹത്തോടൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിട്ടുണ്ട്.
‘ഓസ്‌കാര്‍ കിട്ടിയ ആദ്യത്തെ രണ്ട് വര്‍ഷം പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയുണ്ടായില്ലെങ്കില്‍ ഞാന്‍ പാപ്പരായേനെ. ഓസ്‌കാര്‍ കിട്ടിയതിന് ശേഷമാണ് പഴശ്ശിരാജ ചെയ്തത്. അതിന് ശേഷമാണ് ഇന്ദ്രന്‍ ചെയതത്. സൗത്ത് ഇന്ത്യന്‍ സിനിമയാണെന്നെ പിടിച്ച് നിര്‍ത്തിയത്. താങ്ക്‌സ് ടു ദെം.
ഓസ്‌കാര്‍ അക്കാദമി മീറ്റിങ്ങില്‍ വര്‍ക്കൊക്കെയുണ്ടോയെന്ന് അവര്‍ ചോദിച്ചിരുന്നു. അന്ന് അവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
അതേസമയം ഹരിശ്രീ അശോകന്‍ മകനെ പ്രൊമോട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന അവതാരകയുടെ ചോദ്യത്തിന് അര്‍ജുന്‍ അശോകനും മറുപടി പറഞ്ഞു. അച്ഛന്‍ തന്നെക്കുറിച്ച് തള്ളിപ്പറഞ്ഞിട്ട് ആ പെര്‍ഫോമന്‍സ് താന്‍ കാഴ്ചവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനത് മോശമാകുമെന്ന് അര്‍ജുന്‍ പറഞ്ഞു.
‘അച്ഛന്‍ എന്നെക്കുറിച്ച് വെറുതെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാന്‍ സിനിമയിലത് കാണിച്ചാല്‍ മാത്രമേ ആളുകള്‍ അംഗീകരിക്കുകയുള്ളൂ. ചിലപ്പോള്‍ അതായിരിക്കാം. നീയായിട്ട് തന്നെ പണിയെടുത്ത് നീയായിട്ട് തന്നെ സ്ഥാനം വാങ്ങിക്കുന്നതാണ് നല്ലതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
അവര്‍ ഉദ്ദേശിക്കുന്നത് പോലെ എനിക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അത് അച്ഛനാണ് ചീത്ത പേര്. സിനിമയില്‍ അച്ഛന്റെ സഹായമില്ലാതെ കയറണമെന്ന വാശിയുണ്ടായിരുന്നു. അത് അച്ഛനും അറിയാം. എന്നാലും എവിടെയെങ്കിലും ഒരു താങ്ങായിട്ട് അച്ഛനുണ്ടാകും,’ അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന് എന്തെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് റസൂലും കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ ആരെങ്കിലും സിനിമയിലുണ്ടെങ്കില്‍ ഒരു സിനിമയിലൊക്കെ അഭിനയിക്കാന്‍ സാധിക്കുമെന്നും കഴിവില്ലെങ്കില്‍ രണ്ടാമത് സിനിമ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആ കഴിവ് തനിക്കുണ്ടെന്ന് തെളിയിച്ചയാളാണ് അര്‍ജുനെന്നും റസൂല്‍ പറഞ്ഞു.
അര്‍ജുന്‍ അശോകനെ കൂടാതെ ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചില്‍ഡ്രന്‍ റീയുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റണ്‍എവേ ചില്‍ഡ്രന്‍ എന്ന പുസ്തകം എഴുതിയ എസ്. ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഒറ്റ.
ശോഭന, ഇന്ദ്രന്‍സ്, ആദില്‍ ഹുസ്സൈന്‍, ദിവ്യ ദത്ത, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
content highlights: Rasool pookkuutty say he did not get any work for 2 years after oscar award