| Wednesday, 25th October 2023, 1:16 pm

ആ മമ്മൂട്ടി സിനിമയിലെ ശബ്ദം ഒരു പ്രേംനസീര്‍ സിനിമയില്‍ നിന്ന്: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളെ ഓസ്‌കാര്‍ നെറുകയിലെത്തിച്ച അഭിമാനമാണ് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി. കാലങ്ങളായി ശബ്ദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന റസൂല്‍ പൂക്കുട്ടി ‘ഒറ്റ’ എന്ന സിനിമയിലൂടെ ആദ്യമായി ഒരു സംവിധായകനാവുകയാണ്.

മമ്മൂട്ടിയുടെ പഴശ്ശിരാജ സിനിമ ചെയ്യുമ്പോള്‍ അതില്‍ പ്രേംനസീറിന്റെ പടയോട്ടം സിനിമയിലെ ഒരു ശബ്ദം ഉപയോഗിച്ചതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

‘ശബ്ദം എന്നത് എനിക്കെന്റെ ഓര്‍മ്മകളാണ്. പടയോട്ടം സിനിമ കണ്ടപ്പോള്‍ അതില്‍ പായ്കപ്പലിന്റെ ഒരു ശബ്ദമുണ്ട്. എന്റെ മനസ്സില്‍ പടയോട്ടമെന്ന സിനിമയില്ല. പകരം പ്രേംനസീര്‍ പായ്കപ്പലില്‍ വരുന്ന രംഗത്തില്‍ കേള്‍ക്കുന്ന പായ്കപ്പലിന്റെ ക്രീക്കിങ് സൗണ്ടാണ് മനസിലുള്ളത്. ആ ശബ്ദം ഞാന്‍ ഇതുവരെ മറന്നിട്ടില്ല.

ഞാന്‍ പഴശ്ശിരാജ സിനിമ ചെയ്യുമ്പോള്‍, അതില്‍ മനോജ് കെ. ജയനും പത്മപ്രിയയുമൊക്കെ വള്ളിയില്‍ പിടിച്ച് കയറി പോകുന്ന സീനുണ്ട്. അപ്പോള്‍ ഞാന്‍ ഓര്‍ത്തത്, വള്ളിയില്‍ പിടിക്കുമ്പോള്‍ ഒരു ക്രീക്കിങ് സൗണ്ട് ഉണ്ടാകണമല്ലോ എന്നാണ്.

പണ്ട് ഞങ്ങള്‍ ഓണത്തിന് ഊഞ്ഞാല്‍ കെട്ടാന്‍ വേണ്ടി കാട്ടില്‍ പോയി വള്ളി വെട്ടിയെടുക്കാറുണ്ടായിരുന്നു. അപ്പോള്‍ കാട്ടില്‍ പോകുമ്പോള്‍ ഈ വള്ളി കാറ്റിലാടുന്ന ഒരു ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു.

പഴശ്ശിരാജയുടെ സമയത്ത് എനിക്ക് ഓര്‍മ വന്നത് പടയോട്ടത്തില്‍ ഇങ്ങനെയൊരു ശബ്ദം കേട്ടിട്ടുണ്ടല്ലോയെന്നാണ്. ഉടനെ ഞാന്‍ കൃഷ്ണനുണ്ണി സാറിനെ വിളിച്ചു. കൃഷ്ണനുണ്ണി സാര്‍ പടയോട്ടം സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ ഈ ശബ്ദം എങ്ങനെയാണ് റെക്കോഡ് ചെയ്തതെന്നും ആ ശബ്ദമുണ്ടോയെന്നും ഞാന്‍ ചോദിച്ചു.

അപ്പോള്‍ സാര്‍ പറഞ്ഞത്, നെയ്യാറ്റിങ്കരയില്‍ ഒരു ചക്കയാട്ടുന്ന സ്ഥലമുണ്ടായിരുന്നെന്നും അവിടെ പോയി ചക്കയാട്ടുന്ന ശബ്ദം റെക്കോഡ് ചെയ്യുകയായിരുന്നു എന്നുമാണ്. ആ ശബ്ദമാണത്രേ പടയോട്ടത്തില്‍ ഉപയോഗിച്ചത്. ആ ശബ്ദം സാറെനിക്ക് അയച്ചു തന്നു.

അതാണ് പഴശ്ശിരാജ സിനിമയില്‍ ഓരോ വള്ളികളില്‍ നിന്ന് അടുത്ത വള്ളികളിലേക്ക് ചാടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം. അതിലെ ശബ്ദത്തിന്റെ ട്രാവല്‍ നോക്കൂ. എന്റെ മെമ്മറിയാണ് അത്. ഇത്രയും വര്‍ഷമായിട്ട് ഞാന്‍ ആ ശബ്ദം ഓര്‍ത്തു വെച്ചു എന്നുള്ളതാണ്. എണ്‍പതുകളില്‍ റെക്കോഡ് ചെയ്തതായിരുന്നു അത്,’ റസൂല്‍ പൂക്കുട്ടി പറയുന്നു.

അതേസമയം, റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ‘ഒറ്റ’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 27ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലി നായകനാവുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Rasool Pookkutty Talks About Mammootty And Prem Nazir Movies

Latest Stories

We use cookies to give you the best possible experience. Learn more