| Sunday, 17th November 2019, 7:51 pm

ഭൂരിപക്ഷം-ന്യൂനപക്ഷം എന്ന ചര്‍ച്ചകള്‍ നടക്കുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റസൂല്‍ പൂക്കുട്ടി; കൊണ്ടോട്ടി ഇഖ്‌റ സൂഫി ഫെസ്റ്റ് സമാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊണ്ടോട്ടി: ഭൂരിപക്ഷം-ന്യൂനപക്ഷം എന്ന ചര്‍ച്ചകള്‍ ഏറെ നടക്കുന്ന കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. തന്റെ പുതിയ സിനിമയായ ‘താക്കോല്‍’ ഈ ഇതിവൃത്തമാണു ചര്‍ച്ച ചെയ്യുന്നതെന്നും കൊണ്ടോട്ടി ഇഖ്‌റ സൂഫി ഫെസ്റ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നിശബ്ദത മിഥ്യയല്ല, അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ‘നിശബ്ദത എന്നെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യമാണ്. അതു ശബ്ദമില്ലാത്ത അവസ്ഥയല്ല. ശബ്ദത്തിന് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ഉച്ഛസ്ഥായിയാണ്. ഏതു ഫ്രിക്വന്‍സിയിലാണു കേള്‍ക്കുന്നത്, അതിനനുസരിച്ചിരിക്കും അതിന്റെ അനുഭവം.

എനിക്ക് സിനിമയിലും ജീവിതത്തിലും നിശബ്ദത എന്നത് ഒരു വൈകാരിക അനുഭവമാണ്. ശബ്ദമില്ലാത്ത അവസ്ഥയല്ല. ഞാന്‍ നിശബ്ദതയെ കാണുന്നത് ഒരുപാടു കാര്യങ്ങളുടെ അതിര്‍വരമ്പായാണ്.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്ക് ഇന്ത്യന്‍ സിനിമ വിട്ട് എങ്ങോട്ടും പോവേണ്ടെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. പുറത്തേക്ക് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. പക്ഷെ അതിനില്ല. ഇന്ത്യയില്‍ ചെയ്ത വര്‍ക്കിനാണ് എനിക്ക് ഓസ്‌കാര്‍ ലഭിച്ചത്, അമേരിക്കയില്‍ ചെയ്ത വര്‍ക്കിനല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ക്യൂറേറ്റര്‍ റിയാസ് കോമുവിന്റെ നേതൃത്വത്തില്‍ ഇന്നലെ തുടങ്ങിയ ഇഖ്‌റ കൊണ്ടോട്ടി സൂഫി ഫെസ്റ്റാണ് ഇന്ന് അവസാനിച്ചത്. കൊണ്ടോട്ടിയുടെ ചരിത്രവും സൂഫി പാരമ്പര്യവും കോര്‍ത്തിണക്കി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി സംഗീതജ്ഞരെയും ഗായകരെയും പ്രഭാഷകരെയും ഉള്‍പ്പെടുത്തിയായിരുന്നു ഫെസ്റ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗസല്‍ മാന്ത്രികന്‍ മുക്ത്യാര്‍ അലിയുടെ സംഗീത വരുന്ന്, സൂഫി ആത്മീയതയിലുള്ള പ്രൊഫ. എം.എസ് ഇല്ല്യാസിന്റെ പ്രഭാഷണം, അതിരുകളെ ഭേദിക്കുന്ന സംഗീത സൗന്ദര്യത്തെകുറിച്ച് എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ അവതരണം, അയര്‍ലന്‍ഡില്‍ നിന്നുള്ള കലാകാരന്‍ ജോണ്‍ നെല്‍സന്റെ ഐറിഷ് നാടോടി സംഗീത പ്രകടനം, സൂഫിസം-കാലത്തിന്റെ ശരി എന്ന വിഷയത്തില്‍ ഇ.എം.ഹാഷിം എം. ഷിജുലാസുമായി നടത്തിയ പ്രഭാഷണം, പത്മശ്രീ കുട്ടന്‍ മാരാരുടെ തായമ്പക, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, ശബ്നം വീര്‍മണി-സ്വാഗത് ശിവ കുമാര്‍ കൂട്ടുകെട്ട് അവതരിപ്പിച്ച ഭക്തി-സൂഫി ബാവൂല്‍ കണ്‍സേര്‍ട്ട് തുടങ്ങിയവ പ്രധാന വേദിയില്‍ അരങ്ങേറി.

We use cookies to give you the best possible experience. Learn more