Entertainment
ബോളിവുഡ് സിനിമകളുടെ തകര്‍ച്ചക്ക് കാരണം അതാണ്: റസൂല്‍ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 17, 03:08 pm
Sunday, 17th March 2024, 8:38 pm

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലുകളിലൊന്നായ ആടുജീവിതം സിനിമാ രൂപത്തില്‍ കാണാന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. 10 വര്‍ഷത്തോളമെടുത്ത് തയാറാക്കിയ സ്‌ക്രിപ്റ്റും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനുമൊടുവില്‍ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഓസ്‌കര്‍ ജോതാക്കളായ എ.ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തിന്റെ പിന്നണിയലുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ് മീറ്റില്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് ബോളിവുഡിനെക്കാള്‍ റീജിയണല്‍ സിനിമകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ലോകസിനിമക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമാണെന്ന ചിന്ത മാറിയെന്നും ഓസ്‌കറിനെക്കാള്‍ മൂല്യമുള്ളതാണ് ഇത്തരം പരിഗണനയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ബോളിവുഡിന്റെ ഇപ്പോഴത്തെ തകര്‍ച്ചക്ക് കാരണം മിഡില്‍ ക്ലാസ് ജനങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്താത്തതു കൊണ്ടാണെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. ആടുജീവിതം മലയാളത്തില്‍ ഓസ്‌കര്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

15 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ എ.ആര്‍ സര്‍ പറഞ്ഞത്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമ മാറും എന്നാണ്. അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ആസമീസ്, ഗുജറാത്തി സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചയായി മാറി. റീജിയണല്‍ സിനിമകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ലോകസിനിമയുടെ വലിയ ഭൂപടത്തില്‍ മലയാളം പോലുള്ള ചെറിയ സിനിമകള്‍ ചര്‍ച്ചയായി മാറി. ശരിക്കും ഇതൊക്കെയാണ് ഓസ്‌കറിന് തുല്യമായത്.

തമിഴ് സിനിമയും, തെലുങ്ക് സിനിമയും ഒക്കെ ചര്‍ച്ചയാകുമ്പോള്‍ ബോളിവുഡ് ചിന്തിക്കുന്നത് എവിടെയാണ് അവര്‍ക്ക് തെറ്റ് പറ്റിയത് എന്നാണ്. അതിന്റെ ഉത്തരം എളുപ്പമാണ്. മിഡില്‍ ക്ലാസ് ആളുകളുടെ ജീവിതമല്ല അവരുടെ സിനിമകളിലെ കഥ. അവസാനമായി അങ്ങനെ കണ്ടത് ഗജിനി എന്ന സിനിമയിലാണ്. മിഡില്‍ ക്ലാസില്‍ പെട്ട ഒരു നായികയെ ആ സിനിമയില്‍ കാണാന്‍ സാധിച്ചു. ഇപ്പോള്‍ വരുന്ന സിനിമകളില്‍ അവരുടെ ജീവിതവുമായി ബന്ധമില്ലാത്ത കഥാപാത്രങ്ങളാണ് എല്ലാ സിനിമകളിലും.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എല്ലാം അതാത് റീജിയണല്‍ ഭാഷകളിലെ സാഹിത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. സാഹിത്യത്തില്‍ റൂട്ട് ചെയ്തിരിക്കുന്ന കഥകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും അത്തരം സിനിമകളിലൂടെ ഇന്‍ഡസ്ട്രി കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടാനും കാരണമാകും,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Content Highlight: Rasool Pookkutty  about the downfall of Bollywood industry