'റൊണാൾഡോയാണ് ഹീറോ'; മനസുതുറന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം
Football
'റൊണാൾഡോയാണ് ഹീറോ'; മനസുതുറന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 4:09 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡെന്‍മാര്‍ക്ക് യുവ സ്ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലണ്ട് മിന്നും ഫോമിലാണ് കളിക്കുന്നത്. തനിക്ക് ഈ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പ്രചോദനമായ ഫുട്‌ബോളിലെ താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹോജ്‌ലണ്ട്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പ്രചോദനമായതെന്നാണ് ഹോജ്‌ലണ്ട് പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും എന്റെ ആരാധനാപാത്രമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ്. റൊണാള്‍ഡോയില്‍ നിന്നും ഞാന്‍ പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചു. അദ്ദേഹം എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ്. റൊണാള്‍ഡോ മികച്ച പ്രകടനം നടത്തുന്ന സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മികച്ച കഴിവുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു അതുകൊണ്ടുതന്നെ റൊണാള്‍ഡോ കഠിനാധ്വാനം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറി,’ ഹോജ്‌ലണ്ട് ടീംവ്യൂവര്‍ ഡയറീസിനോട് പറഞ്ഞു.

ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്റയില്‍ നിന്നുമാണ് ഹോജ്‌ലണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. ഓള്‍ഡ് ട്രഫൊഡില്‍ മിന്നും ഫോമിലാണ് ഡെന്‍മാര്‍ക്ക് താരം കളിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റെഡ് ഡെവിള്‍സിനായി നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ഈ ഗോളോടെ പുതിയ ഒരു നേട്ടത്തിലെത്താനും ഹോജ്‌ലണ്ടിന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ആദ്യ നാല് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യുണൈറ്റഡിന്റെ ആദ്യ താരമെന്ന നേട്ടത്തിലേക്കും ഹോജ്‌ലണ്ട് കാലെടുത്തുവെച്ചിരുന്നു.

മാഞ്ചസ്റ്റര്‍ ഇതിഹാസം ദിമിതാര്‍ ബെര്‍ബെറ്റോവ് ആയിരുന്നു ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത്. ബെര്‍ബെറ്റോവ് നാല് ഗോളുകള്‍ ആയിരുന്നു നേടിയിരുന്നത്. ഈ റെക്കോഡ് ആണ് ഹോജ്‌ലണ്ട് മറികടന്നത്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ഇതുവരെ ഗോള്‍ സ്‌കോര്‍ ചെയ്തിട്ടില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം എങ്ങനെ തന്റെ കളി മെച്ചപ്പെടുത്തണമെന്നതിനെകുറിച്ചും ഹോജ്‌ലണ്ട് പങ്കുവെച്ചു.

‘ആധുനിക ഫുട്‌ബോളില്‍ മുന്നില്‍ നിന്ന് ഞങ്ങള്‍ നല്ല പ്രസ്സിങ് ഫുട്‌ബോള്‍ കളിക്കേണ്ടതുണ്ട്. എന്റെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ അത് പഠിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ എപ്പോഴും മുന്‍നിരയില്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കും. ഇതെനിക്ക് നന്നായിട്ട് ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നുണ്ട്. ഞാന്‍ എപ്പോഴും മുന്നേറ്റത്തില്‍ വരണമെന്ന് കോച്ച് ആഗ്രഹിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്. നവംബര്‍ 11ന് ലുട്ടോണ്‍ ടൗണിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ട് ഓള്‍ഡ് ട്രഫോഡിലാണ് മത്സരം നടക്കുക.

അതേസമയം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2021ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നീണ്ട കാലങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത്.

യുണൈറ്റഡില്‍ നിന്നും കഴിഞ്ഞ സീസണിലാണ് റോണോ സൗദിയിലേക്ക് ചേക്കേറുന്നത്. നിലവില്‍ അല്‍ നസറിനൊപ്പം മികച്ച ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

Content Highlight: Rasmus Hojlund reveals Cristiano Ronaldo is the inspiration of his football carrier.