റൊണാൾഡോയുടെ 17 വർഷത്തെ ആ റെക്കോഡും പോയി; അവനാണ് പുതിയ അവകാശി
Football
റൊണാൾഡോയുടെ 17 വർഷത്തെ ആ റെക്കോഡും പോയി; അവനാണ് പുതിയ അവകാശി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 5:07 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി ഒരു ഗോളും ഒരു അസിസ്റ്റും നേടി മിന്നും ഫോമിലാണ് റാസ്മസ് ഹോജ്‌ലണ്ട് നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഹോജ്‌ലണ്ടിന് സാധിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് വേണ്ടി തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റാസ്മസ് ഹോജ്‌ലണ്ട് സ്വന്തമാക്കിയത്. തന്റെ 20ാം വയസിലാണ് ഹോജ്‌ലണ്ട് ഈ നേട്ടത്തിലെത്തിയത്.

ജനുവരി 14ന് ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ നടന്ന മത്സരത്തിലും റാസ്മസ് ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു. ആ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

ഇതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഈ നേട്ടം സ്വന്തമാക്കിയത് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കി 21ാം വയസിലായിരുന്നു. ഈ റെക്കോഡ് നേട്ടമാണ് ഹോജ്‌ലണ്ട് മറികടന്നത്.

കഴിഞ്ഞ സമ്മറില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയില്‍ നിന്നുമാണ് താരം ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. റെഡ് ഡെവിള്‍സിനായി 27 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഹോജ്‌ലണ്ട് നേടിയത്. ഈ സീസണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 17 മത്സരങ്ങളില്‍ നിന്നും മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഹോജ്‌ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.

വോള്‍വ്‌സിനെതിരെയുള്ള ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 11 വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 35 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫെബ്രുവരി നാലിന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡാണ് വേദി.

 

Content Highlight: Rasmus Hojlund breaks Cristaino Ronaldo record in Manchester United.