| Sunday, 16th August 2020, 3:27 pm

രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് പി.എസ്.സി ചെയര്‍മാന്; സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമെന്നും രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒരു കാലത്തും ഇല്ലാത്ത വിധം അനധികൃത കരാര്‍ നിയമനങ്ങള്‍ അരങ്ങ് തകര്‍ത്തിട്ടും സര്‍ക്കാരിനെ വെള്ളപൂശാനാണ് പി.എസ് സി ചെയര്‍മാന്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറാകുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണെന്നും കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ പി.എസ്.സി ചെയര്‍മാന്‍ അത് നിഷേധിക്കുന്നത് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവര്‍ വന്‍ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നേരത്തെ സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞിരുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടു മാത്രമാണെന്നും രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് പി.എസ്.സിയെന്നും എം.കെ സക്കീര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Rasmesh Chennithala against psc Chairman

We use cookies to give you the best possible experience. Learn more