അഞ്ച് പന്തില്‍ മൂന്ന് വിക്കറ്റ്; ഭാവി ബുംറയാണ്, നോക്കി വെച്ചോ ഈ മുതലിനെ!
Sports News
അഞ്ച് പന്തില്‍ മൂന്ന് വിക്കറ്റ്; ഭാവി ബുംറയാണ്, നോക്കി വെച്ചോ ഈ മുതലിനെ!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 8:18 am

എമേര്‍ജിങ് ഏഷ്യാ കപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരവും വിജയിച്ച് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ഒമാനില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ തോല്‍പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ സെമി ഫൈനലുകള്‍ക്ക് യോഗ്യത നേടിയത്. യു.എ.ഇ ഉയര്‍ത്തിയ 108 റണ്‍സിന്റെ വിജയലക്ഷ്യം 55 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇക്ക് തൊട്ടതെല്ലാം പിഴച്ചു. വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് യു.എ.ഇ നിരയില്‍ ഇരട്ടയക്കം കണ്ടത്.

സൂപ്പര്‍ പേസര്‍ റാസിഖ് സലാമാണ് യു.എ.ഇ നിരയെ കടന്നാക്രമിച്ചത്. രണ്ട് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഈ മൂന്ന് വിക്കറ്റുകളും ഒറ്റ ഓവറില്‍ തന്നെയാണ് പിറവിയെടുത്തത്.

ആറാം ഓവറിലെ ആദ്യ പന്തില്‍ യു.എ.ഇ സൂപ്പര്‍ താരം നിലാന്‍ഷ് കെസ്വനിയെ വൈഭവ് അറോറയുടെ കൈകളിലെത്തിച്ച് മടക്കിയ സലാം തൊട്ടടുത്ത പന്തില്‍ വിഷ്ണു സുകുമാരനെ ഗോള്‍ഡന്‍ ഡക്കാക്കിയും മടക്കി. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഓവറിലെ അഞ്ചാം പന്തില്‍ വീണ്ടും റാസിഖ് സലാം യു.എ.ഇയെ ഞെട്ടിച്ചു. സെയ്ദ് ഹൈദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയ താരം മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

കളിയിലെ താരമായി തെരഞ്ഞെടുത്തതും റാസിഖിനെ തന്നെയായിരുന്നു.

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലും താരം തിളങ്ങിയിരുന്നു. രണ്ട് വിക്കറ്റാണ് റാസിഖ് സലാം ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരെ നേടിയത്.

അതേസമയം, അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ ചോപ്രയുടെ ചെറുത്തുനില്‍പാണ് യു.എ.ഇയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 50 പന്ത് നേരിട്ട താരം 50 റണ്‍സ് നേടി പുറത്തായി. 12 പന്തില്‍ 22 റണ്‍സടിച്ച ബേസില്‍ ഹമാദാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

റാസിഖ് സലാമിന് പുറമെ രമണ്‍ദീപ് സിങ് അടക്കമുള്ള മറ്റ് ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഭിഷേക് ശര്‍മ, നേഹല്‍ വധേര, വൈഭവ് അറോറ, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി. 24 പന്ത് നേരിട്ട് ആറ് ഫോറും നാല് സിക്‌സറുമടക്കം 58 റണ്‍സാണ് താരം നേടിയത്. 18 പന്തില്‍ 21 റണ്‍സടിച്ച ക്യാപ്റ്റന്‍ തിലക് വര്‍മയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ബുധനാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അല്‍ അമെരറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.

 

Content Highlight: Rasikh Salam’s brilliant bowling performance against UAE in Emerging Asia Cup