കോഴിക്കോട്: നഗരത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ നോട്ടീസ് വിതരണം ചെയ്ത കര്‍ഷക സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരളയുടെ പ്രവര്‍ത്തകരെയാണ് കോഴിക്കോട് പുതിയ ബസ്റ്റാന്റ് പരിസരത്തു വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ ഞങ്ങളെ ബലംപ്രയോഗിച്ചു പൊലീസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്നും കസബ സ്‌റ്റേഷനിലേക്കാണ് കൊണ്ട് പോയതെന്നും കര്‍ഷക സംഘടനാ പ്രവര്‍ത്തകന്‍ കെ.വി ബി.ജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ’ എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റു. മോദിയുടെ സുരക്ഷയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമായി ഇന്നലെ മുതല്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.