| Saturday, 14th December 2019, 5:08 pm

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ബന്ദ് പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 21ന് ബീഹാറില്‍ ബന്ദ് പ്രഖ്യാപിച്ച് ആര്‍.ജെ.ഡി. ഭരണഘടനയെ ചെറുകഷ്ണങ്ങളാക്കി കീറിയെറിയുന്നതാണ് ബില്ലെന്ന് ആര്‍.ജെ.ഡി ആരോപിച്ചു.

ഭരണഘടനയിലും നീതിയിലും വിശ്വാസമര്‍പ്പിക്കുന്ന രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകളും ബന്ദിനെ പിന്തുണക്കണമെന്ന് തേജസ്വി യാദവ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഡിസംബര്‍ 22നായിരുന്നു ബന്ദ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പരീക്ഷകള്‍ ഉള്ളതിനാല്‍ ദിവസം മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബില്ലിനെ പിന്തുണച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ജെ.ഡിയുവിനെതിരെയും കടുത്ത വിമര്‍ശനമാണ് ആര്‍.ജെ.ഡി നടത്തുന്നത്. ബില്ലിനെ പിന്തുണച്ചതിലൂടെ ബീഹാറിലെ ജനങ്ങളെ വഞ്ചിക്കുകയാണ് നിതീഷ് കുമാര്‍ ചെയ്തത്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നിതീഷ്‌കുമാറിന് ഭയമാണെന്നും ആര്‍.ജെ.ഡി വിമര്‍ശിക്കുന്നു.

ജെ.ഡി.യു നിലപാടിനോട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു വൈസ്പ്രസിഡണ്ടുമായ പ്രശാന്ത് കിഷോര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറിന് ആവശ്യമെങ്കില്‍ പാര്‍ട്ടി വിടാമെന്ന നിലപാടാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് സ്വീകരിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാട് തെറ്റാണെന്നും സജ്ഞയ് സിംഗ് പറഞ്ഞു. പ്രശാന്ത് കിഷോറും പാര്‍ട്ടി അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറുമായി കൂടികാഴ്ച്ച നടത്താനിരിക്കെയാണ് സജ്ഞയ് സിംഗിന്റെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more