'മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെങ്കില്‍ സര്‍ക്കാര്‍ തരുന്നത് കഴിക്കാം'; പാസ്റ്റര്‍മാരെ ആക്രമിച്ച ബജ്‌റംഗ്ദള്‍ നേതാവ് സംഘടന വിട്ടു
തൃശൂര്‍: കേസ് വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ നേതാവ് സംഘടന വിട്ടു. തൃശൂര്‍ ജില്ലാ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആണ് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപിനാഥന്റെ പ്രഖ്യാപനം.
മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാര്‍ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പരിഹസിച്ചായിരുന്നു ഗോപിനാഥന്റെ പോസ്റ്റ്.
കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ പ്രതിയാണ് ഗോപിനാഥന്‍. മത പ്രചരണാര്‍ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്ന പാസ്റ്റര്‍മാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു ഗോപിനാഥനും സംഘവും.
ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്നു പറഞ്ഞ് പാസ്റ്റര്‍മാരെകൊണ്ട് തന്നെ ലഘുലേഖകള്‍ നശിപ്പിക്കുകയും ഇനി ഇങ്ങനെ ചെയ്താല്‍ മുഖമടച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥന്‍ ആയിരുന്നു.
‘മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടത്. ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം. രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു’.