| Wednesday, 5th August 2020, 8:27 am

കൊവിഡ് വ്യാപനം: രാഷ്ട്രപതിഭവനിലെ സ്വാതന്ത്രദിനാഘോഷത്തില്‍ കര്‍ശന നിയന്ത്രണം; 90 പേര്‍ക്ക് മാത്രം പ്രവേശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനഘോഷങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രോഗം വ്യാപനം കൂടിയ സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കാനുള്ള ആള്‍ക്കാരുടെ എണ്ണം 90 ആയി കുറച്ചു.

മുന്‍വര്‍ഷങ്ങളില്‍ 1500 ലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഇത്തവണ ക്ഷണിക്കപ്പെട്ട തൊണ്ണൂറ് പേര്‍ മാത്രമേ പങ്കെടുക്കുകയുള്ളു. സ്വാതന്ത്ര്യദിനാഘോഷം ഒരു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുകയും ചെയ്യും.

സാധാരണയായി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി രാഷ്ട്രപതി ഭവനിലെത്തുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ അത്താഴവിരുന്നുകളൊന്നും തന്നെ ഉണ്ടായിരിക്കില്ല.

ഒരു മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അവസാനിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ച് അതിഥികളും വി.ഐ.പികളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും- രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് രാഷ്ട്രപതി ഭവനിലെ ആഘോഷങ്ങളില്‍ ക്ഷണമുണ്ടാകില്ല. ചുരുക്കം ചില കാബിനറ്റ് മന്ത്രിമാര്‍ മാത്രമേ പങ്കെടുക്കുകയുള്ളു. കേന്ദ്രത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമടക്കം പത്തില്‍ താഴെ പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ പ്രതിനിധീകരിച്ച്് പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി അടക്കം ചുരുക്കം ചില മുതിര്‍ന്ന വകുപ്പ് സെക്രട്ടറിമാരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിക്കുകയുള്ളു. കഴിഞ്ഞവര്‍ഷം ഏകദേശം 70 ല്‍ അധികം സെക്രട്ടറിമാര്‍ സ്വാതന്ത്ര്യാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. വി.ഐ.പികളുടെ കുടുംബാംഗങ്ങളെയോ ഭാര്യമാരെയോ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more