| Friday, 23rd June 2023, 1:58 pm

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നോയെന്ന് രാഷ്ട്രപതി ഭവന് അറിയില്ല; വിവരാവകാശ രേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്ന് രാഷ്ട്രപതി ഭവന്‍. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ നല്‍കിയ വിവരാവകാശ രേഖക്ക് മറുപടിയായാണ് രാഷ്ട്രപതി ഭവന്‍ ഇക്കാര്യമറിയിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനോ പരിപാടിയില്‍ പങ്കെടുക്കാനോ ലോക്‌സഭാ സ്പീക്കറില്‍ നിന്നോ പ്രധാന മന്ത്രിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് അധികൃതരില്‍ നിന്നോ ഔപചാരിക ക്ഷണം ലഭിച്ചിരുന്നോ എന്നായിരുന്നു ഗോഖലെ ആര്‍.ടി.എ വഴി ചോദിച്ചത്.

പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ എല്ലാ ആശയവിനിമയത്തിന്റെ വിശദാംശങ്ങളും അദ്ദേഹം തേടിയിരുന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശ പ്രകാരം പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സന്ദേശം രാഷ്ട്രപതി പ്രസിദ്ധീകരിച്ചിരുന്നതായി ലഭ്യമായ രേഖകള്‍ പ്രകാരം രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനെ രാഷ്ട്രപതി സ്വാഗതം ചെയ്തിരുന്നു. ജനാധിപത്യ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ജീവനുള്ള ഉദാഹരണമാണ് പുതിയ പാര്‍ലമെന്റെന്ന ദ്രൗപതി മുര്‍മുവിന്റെ സന്ദേശം രാജ്യസഭാ ഡെപ്യൂഡി ചെയര്‍പേഴ്‌സണ്‍ വായിച്ചിരുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണെന്ന് വ്യക്തമാക്കി 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികളായിരുന്നു പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നത്.

രാഷ്ട്രപതിയെ ഉദ്ഘാടനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ വിമര്‍ശിച്ചിരുന്നു. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ ഉദ്ഘാട ചടങ്ങ് നിര്‍വഹിച്ചതിനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഭരണഘടനാ ചുമതലകള്‍ നിറവേറ്റാനും പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിക്കാനും അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ തള്ളിയിരുന്നു.

Content Highlight: Rashtrapathi bhavan has no information about if she was invited for parliament inauguration

We use cookies to give you the best possible experience. Learn more