തിരുവനന്തപുരം: 135 കോടി ജനങ്ങളുണ്ടായിട്ട് എന്തുകൊണ്ട് ഇന്ത്യ പത്ത് വർഷത്തിനുള്ളിൽ പുരോഗമിക്കുന്നു എന്ന ചോദ്യത്തിന് സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ നൽകിയ മറുപടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു രശ്മിത.
താൻ ഈ സെഷനിൽ പങ്കെടുക്കുന്നത് വരെ ഇന്ത്യ പുരോഗമിച്ചുവെന്ന കാര്യം അറിയില്ലായിരുന്നു എന്നും സംസാരിക്കുന്നതിനിടയിൽ ഇന്ത്യ പുരോഗമിച്ചോ എന്നറിയാൻ ഗൂഗിൾ ചെയ്ത് നോക്കിയെന്നും രശ്മിത പരിഹാസ രൂപേണ മറുപടി നൽകി.
‘സംസാരത്തിനിടയിൽ പെട്ടെന്ന് ഇന്ത്യ പുരോഗമിച്ചോ എന്നറിയാൻ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് ഗൂഗിൾ ചെയ്തുനോക്കുകയായിരുന്നു. ഇപ്പോഴും 191 രാജ്യങ്ങളിൽ 132ാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ. അതായത് പട്ടിണിയുടെയൊക്കെ കാര്യത്തിൽ.
എന്തുകൊണ്ട് ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് മനുഷ്യൻ പുരോഗമിച്ചു എന്നല്ലാതെ കുറച്ച് ക്ഷേത്രങ്ങൾ ഉണ്ടാകുന്നത് ഒരു പുരോഗതിയായി എടുക്കാത്തത് എന്റെ തെറ്റാണെങ്കിൽ ഞാൻ അത് സമ്മതിക്കാം. അല്ലെങ്കിൽ ഇന്ത്യയിൽ എണ്ണം പറഞ്ഞ ഒന്നുരണ്ട് ബിസിനസുകാർ മാത്രം പുരോഗമിക്കുന്നതാണ് പുരോഗതി എങ്കിൽ അതും എന്റെ അറിവില്ലായ്മയായി കണ്ട് ക്ഷമ പറഞ്ഞ് അതും സമ്മതിക്കാം.
പക്ഷേ ഇവർ പറഞ്ഞുണ്ടാക്കിയിരിക്കുന്ന കാര്യം ഇതാണ്. ഇന്ത്യയിലെ 0.633 എന്ന ഏറ്റവും പുതിയ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് നിരക്ക് അതിനെ മീഡിയം ഡെവലപ്പ്മെന്റ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നു. 2020ലെ 0.644 എന്ന നിരക്കിനെക്കാൾ കുറവാണിത്.
കേസ് കൊടുക്കണം പിള്ളേച്ചാ യു.എന്നിൽ. ഇങ്ങനെയൊക്കെ റിപ്പോർട്ട് ഉണ്ടാക്കാൻ പറ്റുമോ? ഇന്ത്യ അങ്ങ് കുതിപ്പ് നടത്തുകയാണ്. നമുക്ക് പള്ളി ഉണ്ടായിരുന്നിടത്ത് ഇവിടെയിപ്പോൾ പാരീസ് പോലൊരു അമ്പലമുണ്ട്.
എന്നിട്ട് പോലും മനുഷ്യന്മാർ ഇങ്ങനെ പറഞ്ഞു തുടങ്ങിയാലോ, ഇന്ത്യയെ മോശമാക്കിയാലോ. നമ്മുടെ പ്രധാനമന്ത്രി ലോകത്ത് ചെന്നെത്താൻ ഇനി ഒരു സ്ഥലമില്ല, അന്റാർട്ടിക്ക മാത്രമേയുള്ളൂ. എന്നിട്ട് പോലും യു.എൻ ഇങ്ങനെയൊരു ഡാറ്റ ഉണ്ടാക്കിയാലോ?
മുഴുവൻ പേരും വിശ്വസിക്കില്ല. എല്ലാവരും നിങ്ങളെ പോലെ ഇന്ത്യ കുതിച്ചുയരും എന്ന ആ വാർത്ത കേട്ട് സന്തോഷിച്ചിരിക്കുകയാണ്, പോകുന്ന വഴിക്ക് എങ്ങനെ പെട്രോൾ അടിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നതെങ്കിലും. എന്നാലും ഒരു 5 ശതമാനം ആളുകൾ വിശ്വസിച്ചു പോകില്ലേ ഇന്ത്യ പുറകിലാണെന്ന്. ഇന്ത്യ ഒന്നാം സ്ഥാനത്തല്ലേ? എന്തിലാണ് എന്നത് മാത്രമാണ് പ്രശ്നം?’ രശ്മിത രാമചന്ദ്രൻ പറഞ്ഞു.
Content Highlight: Rashmitha Ramachandran trolls question claiming india developed saying should sue UN for giving false report on India