| Saturday, 8th May 2021, 6:56 pm

'റേപ് ജോക്കില്‍ മാപ്പ് പറയണം'; ശ്രീജിത്ത് പണിക്കരുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റ് ആയ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നാണ് രശ്മിത രാമചന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയുടെ പ്രതികരണം.

പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍ എന്‍, ആര്‍ രാമകുമാര്‍, അഭിലാഷ് എം. ആര്‍ എന്നിവരും ഇതേ നിലപാട് സ്വീകരിക്കണമെന്നും രശ്മിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

‘കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് റേപിസ്റ്റ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കര്‍ മാപ്പുപറയുന്നതുവരെ അദ്ദേഹം പാനലിസ്റ്റായുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. എന്റെ സുഹൃത്തുക്കളായ പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍ എന്‍, ആര്‍. രാമകുമാര്‍, അഭിലാഷ് എം.ആര്‍ എന്നിവരെയും ഇതേ തീരുമാനം എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കിലെഴുതി.

ഇടതു നിരീക്ഷകരായ റെജി ലൂക്കോസും ഡോ. പ്രേം കുമാറും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.
ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല.
ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല,’ എന്നാണ് ഡോ. പ്രേം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി ചര്‍ച്ചകളില്‍ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല ബിജെപി അനുകൂല വ്യാഖ്യാനങ്ങളെയും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും റെജി ലൂക്കോസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും മനുഷ്യത്വത്തെയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവൃത്തിയാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വനിതയടക്കം രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം
എന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയിയല്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.
കൊറോണ വൈറസിനെക്കാള്‍ ഭീകര വൈറസാണ് ശ്രീജിത്ത് എന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇയാളെ ബഹിഷ്‌ക്കരിക്കാന്‍ കേരളത്തിലെ ചാനലുകള്‍ തയ്യാറാവണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ക്യാംപെയിന്‍.

മാധ്യമപ്രവര്‍ത്തകരായ കെ.എ ഷാജി, കെ.ജെ ജേക്കബ് തുടങ്ങിയവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്ത് എത്തി. ‘ബലാത്സംഗ തമാശ’ യായിട്ടും മറ്റുമായിരുന്നു സംഭവത്തെ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പൂര്‍ണരൂപം,

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.

സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.

ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.

നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.

ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.

വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.

ബഹുമാനിക്കാന്‍ പഠിക്കെടോ.

(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rashmitha Ramachandran about Sreejith Panicker issue

We use cookies to give you the best possible experience. Learn more