| Sunday, 25th April 2021, 10:10 am

'തെണ്ടി തിന്നാന്‍ പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ ആവശ്യമില്ല'; ഉത്തരേന്ത്യ ഒരു ഗ്രേറ്റ് ഇന്ത്യന്‍ ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉത്തരേന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പി പ്രതിനിധി അഡ്വ. ജയസൂര്യന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് തന്റെ സുഹൃത്തുക്കളടക്കം അതീവ ഗുരുതരാവസ്ഥയിലാണ്. കേരളത്തിലെതുപോലെയുള്ള സംവിധാനങ്ങള്‍ ദല്‍ഹിയിലോ മഹാരാഷ്ട്രയിലോ ഉത്തര്‍പ്രദേശിലോ ലഭിക്കുന്നില്ലെന്നും രശ്മിത രാമചന്ദ്രന്‍ പറയുന്നു.

രാജ്യം ഭീതിതമായ സാഹചര്യത്തിലൂടെ പോകുമ്പോഴും രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രശ്മിത വിമര്‍ശിച്ചു.

രശ്മിതയുടെ വാക്കുകള്‍

‘ദല്‍ഹിയില്‍ എന്റെ ചില സുഹൃത്തുക്കള്‍ക്ക് പ്ലാസ്മയും ഓക്‌സിജനുമൊക്കെ അത്യാവശ്യമായി ഘട്ടത്തിലുണ്ട്. എന്റെ സുഹൃത്ത് പി വി ദിനേശ് കിടക്കുന്നത് ദല്‍ഹിയിലെ മൂല്‍ഛന്ദ് ആശുപത്രിയിലാണ്. ഇന്ന് രാവിലെ മുതല്‍ കേള്‍ക്കുന്നത് അവിടെ ഓക്‌സിജന്‍ ഇല്ലാ എന്നാണ്. ദിലീപ്,സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കളൊക്കെ അവശരായി കഴിയുകയാണ്. എന്റെ വീടിന്റെ തൊട്ടു താഴെയുള്ള അഡ്വ. ഫ്രാന്‍സിസ് കൊവിഡ് വന്നു മരിച്ചുപോയി.

ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് നിങ്ങള്‍ക്ക് സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് കക്ഷി രാഷ്ട്രീയത്തിനതീതമായി വലിയകാര്യമായിരിക്കും.

ഞാന്‍ ബോംബെയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 27 ാം തിയതി മുതല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ടെസ്റ്റ് ചെയ്യാന്‍ ഒരാളെ കിട്ടിയത്. രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോഴും പോസിറ്റീവ് ആയിരുന്നു. മൂന്ന് തവണ നഗരപാലികയില്‍ നിന്ന് വിളിച്ച് അസുഖം എങ്ങനെയുണ്ടെന്ന് അന്വേഷിച്ചതല്ലാതെ ഒന്നും ഉണ്ടായില്ല. നിങ്ങള്‍ പറയുന്നുണ്ടല്ലോ മോദി പറയുന്ന കിറ്റാണ് കേരളത്തില്‍ കൊടുക്കുന്നതെന്ന്. കേരളത്തില്‍ അത് കിട്ടിയിട്ടുണ്ടെങ്കില്‍
പിണറായി കൃത്യമായി തന്നിട്ടുണ്ട്. പക്ഷെ ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളോ, മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയോ ഇത് തരുന്നില്ല.

കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയല്ലായിരുന്നോ? ഇതുവരെ ലോകത്തില്ലാത്തതുപോലെ നിങ്ങള്‍ നാല് മണിക്കൂര്‍ മുന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഞങ്ങളും ദരിദ്രരായ നിരവധി മനുഷ്യരും നിങ്ങളോട് സഹകരിച്ചില്ലേ?

നിങ്ങള്‍ അപ്പോഴും കൊവിഡ് കുറയ്ക്കാനല്ല ശ്രമിച്ചുകൊണ്ടിരുന്നത്, മഹാരാഷ്ട്ര സര്‍ക്കാരിനെ പുറത്താക്കാനായിരുന്നു, നിങ്ങള്‍ ശ്രമതിച്ചത് ബംഗാളില്‍ നിന്ന് എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കാനായിരുന്നു. യു. പി മുഖ്യമന്ത്രിയെ എല്ലായിടത്തും നായകത്വം വഹിക്കാന്‍ കെല്‍പുള്ള ആള്‍ എന്ന നിലയ്ക്ക് അവതരിപ്പിക്കാനായിരുന്നു. ആ യു.പിയിലെ അവസ്ഥ എന്താണ്? ദല്‍ഹിയിലും യു.പിയിലുമൊന്നും എന്തുകൊണ്ട് കേരളത്തിലെ പോലെ സൗകര്യങ്ങള്‍ ഉണ്ടാവുന്നില്ല?

എന്തുകൊണ്ടാണ് നെഹ്‌റുവിനെ എതിര്‍ക്കുമ്പോഴും നെഹ്‌റുവിന്റെ കാലത്ത് ശാസ്ത്രീയതയും വാക്‌സിനും ഉണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നത്?

നിങ്ങള്‍ തരുന്നത് ഔദാര്യമല്ല. ഇന്ത്യന്‍ ഭരണഘടനാ സംവിധാനമനുസരിച്ച് അനുഛേദം 21, 38, 39 ഇ, 41, 47 എന്നിവ അനുസരിച്ച് വേണ്ടത്ര ആരോഗ്യപരമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഈ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നിട്ട് ഇതെല്ലാം മറന്ന് കച്ചവട താത്പര്യത്തിന്റെയും രാഷ്ട്രീയ താത്പര്യത്തിന്റെയും പുറത്ത് സ്വകാര്യ കമ്പനികളില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടുന്നതിന്റെ നാലിരട്ടി മുടക്കിച്ച് ഞങ്ങളെക്കൊണ്ട് വാക്‌സിന്‍ വാങ്ങിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.

ആശുപത്രികളിലേക്ക് ഓക്‌സിജന്‍ നല്‍കാന്‍ വ്യവസായികള്‍ പോലും തയ്യാറാവുന്ന കാലത്താണ് ഒരു പ്രധാനമന്ത്രി ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണമെന്ന് പറയുന്നത്. ഇതുതന്നെയാണ് ഒരു കേന്ദ്രമന്ത്രിയും പറയുന്നത്. തെണ്ടി തിന്നാന്‍ ഈ ഉപദേശത്തിന്റെ ഒന്നും ആവശ്യമില്ല. ഉത്തരേന്ത്യ ഒരു ഗ്രേറ്റ് ഇന്ത്യന്‍ ഗ്രേവ്യാഡ് ആയി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണ്,’ രശ്മിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rashmitha Ramachandran about covid situation in north India and inefficiency of central government

We use cookies to give you the best possible experience. Learn more