തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തക പി. ആര്‍ പ്രവീണയ്ക്ക് പിന്തുണയുമായി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് രശ്മിതയുടെ പ്രതികരണം.
‘നട്ടെല്ലുള്ള പെണ്‍കുട്ടി’ എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രശ്മിത എഴുതിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിളിച്ച് പറഞ്ഞയാളോട് മാധ്യമ പ്രവര്‍ത്തക പ്രകോപനപരമായി സംസാരിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ ഏഷ്യാനെറ്റ് അവര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക തന്നെ വിശദീകരണം നല്‍കിയിരുന്നു. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തന്റെ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. ബംഗാള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സമാനമായ നിരവധി ഫോണ്‍കോളുകള്‍ ചാനല്‍ ഓഫീസിലേക്ക് വന്നിരുന്നുവെന്നും ഒടുവില്‍ നിയന്ത്രണം വിടുകടയായിരുന്നുവെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രതികരണമെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയതാണ്.
എന്നാല്‍ ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണുണ്ടായത്. ഇതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ചാനല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
സ്ഥാപനത്തിന് എതിരെ നടത്തുന്ന ആഹ്വാനങ്ങള്‍ ഒരുപരിധിവരെ മനസ്സിലാക്കാമെന്നും ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നുമുള്ള നിഷ്ഠൂരമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചാനല്‍ വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തിലാണ് ലേഖിക പ്രതികരിച്ചതെങ്കിലും അത് അവര്‍ സ്വയം തിരുത്തുകയും സ്ഥാപനം മാതൃകാപരമായ നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു സ്ത്രീക്കെതിരെയല്ല ഒരു വ്യക്തിക്കെതിരെ പോലും നടത്താന്‍ പാടില്ലാത്ത അതി ക്രൂരമായ സൈബര്‍ ക്വട്ടേഷന്‍ സംഘമാണ് ലേഖികയ്ക്കെതിരെ ആഹ്വാനം നടത്തുന്നതെന്നും ചാനല്‍ പറഞ്ഞു. വാര്‍ത്താ വായനയ്ക്കിടെ പി.ജി സുരേഷ് കുമാറാണ് ചാനലിന്റെ നിലപാട് വ്യക്തമാക്കിയത്.
തെറ്റ് തിരുത്തി എന്നു പറയുമ്പോള്‍ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിന് നിന്നുകൊടുക്കുന്ന പ്രശ്നമില്ലെന്നും അതിശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്നും ചാനല്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക