| Thursday, 28th April 2022, 10:22 pm

ചോദ്യം ചോദിക്കുന്നവര്‍ രാജ്യദ്രോഹിയാകുന്ന കാലത്ത് ജന ഗണ മന പോലൊരു സിനിമ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്: രശ്മിത രാമചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജന ഗണ മന മികച്ച രാഷ്ട്രീയ സിനിമയാണെന്ന് പറയുകയാണ് അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. കിട്ടാന്‍ പോകുന്ന പുരസ്‌കാരങ്ങള്‍ ഓര്‍ത്തു സംഘ സ്തുതി പാടുന്ന രാജാ പാട്ടുകാര്‍ക്കിടയില്‍ ഇത്രയൊക്കെ രാഷ്ട്രീയം ഒരു സിനിമയില്‍ കാണുന്നത് പോലും ഒരു ഗുമ്മാണെന്ന് രശ്മിത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ചോദ്യം ചോദിക്കുന്നവര്‍ രാജ്യദ്രോഹിയും ചൂണ്ടുന്ന കൈകളില്‍ ഒക്കെയും വിലങ്ങും വീഴുന്ന കാലത്ത് ഇത്തരത്തില്‍ ഒരു സിനിമ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആണ്. മൗനത്തിന് എതിരെ ഓര്‍മയുടെ കലാപം ആണ്.

ഇതില്‍ രാഷ്ട്രീയം പൊതിഞ്ഞല്ല, പച്ചയ്ക്ക് തന്നെ പറഞ്ഞിരിക്കുന്നു. കാണിച്ചിരിക്കുന്നു.
ജാതിയുടെ ദുര്‍ഗന്ധം തിങ്ങിയ യൂണിവേഴ്‌സിറ്റിയിലേക്ക് ആയുധങ്ങള്‍ അകമ്പടി ആക്കുന്ന കുങ്കുമ രാഷ്ട്രീയം, ഏറ്റുമുട്ടല്‍ കൊല നാടകങ്ങള്‍, മൂപ്പ് എത്താതെ പഴുത്ത മീഡിയ ബ്രേക്കിംഗുകള്‍, കുറ്റാരോപിതനായ വ്യക്തിയെ മുന്‍വിധി വച്ച് കാണുന്ന കോടതി മുറി. കിട്ടാന്‍ പോകുന്ന പുരസ്‌കാരങ്ങള്‍ ഓര്‍ത്തു സംഘ സ്തുതി പാടുന്ന രാജാ പാട്ടുകാര്‍ക്കിടയില്‍ ഇത്രയൊക്കെ രാഷ്ട്രീയം ഒരു സിനിമയില്‍ കാണുന്നത് പോലും ഒരു ഗുമ്മാണ്!

രാഷ്ട്രീയം പ്രാവര്‍ത്തികമാക്കാനുള്ളതാണ് എന്ന് യുവജനങ്ങള്‍ തീരുമാനിക്കുന്നത് ഒരു കൃത്യമായ സന്ദേശം നല്‍കുന്നു. രാഷ്ട്രീയം അശ്ലീലം ആണെന്ന് അവസാനിപ്പിച്ച സന്ദേശം സിനിമയില്‍ നിന്നും മാറി നടന്നിരിക്കുന്നു! സന്തോഷം,’ രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, സമകാലിക ഇന്ത്യന്‍ സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും നിരവധി സംഭവങ്ങളാണ് ചിത്രത്തിലൂടെ കടന്നു പോകുന്നത്. ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധതയും ജാതിരാഷ്ട്രീയവും വോട്ട് രാഷ്ട്രീയവുമെല്ലാം ജന ഗണ മനയില്‍ ചര്‍ച്ചാവിഷയങ്ങളാവുന്നുണ്ട്.

സിനിമ ഇറങ്ങിയപ്പോഴും സമകാലിക ഇന്ത്യന്‍ സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും നിരവധി സംഭവങ്ങളാണ് ചിത്രത്തിലൂടെ കടന്നു പോകുന്നത്. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധതയും ജാതിരാഷ്ട്രീയവും വോട്ട് രാഷ്ട്രീയവുമെല്ലാം ജന ഗണ മനയില്‍ ചര്‍ച്ചാവിഷയങ്ങളാവുന്നുണ്ട്.

ജാനാധിപത്യ വിരുദ്ധതക്കും ഫാഷിസത്തിനും എതിരെ കൃത്യമായ നിലപാട് സിനിമ സ്വീകരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ വിന്‍സി അലോഷ്യസ് അവതരിപ്പിച്ച കഥാപാത്രമായ ഗൗരി അയാളോടുള്ള വെല്ലുവിളിയായി തന്റെ കയ്യിലുള്ള ഷാള്‍ തലയിലൂടെ ധരിച്ചുകൊണ്ട് പോകുന്നത് സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു പ്രതിഷേധം കൂടിയാവുകയാണ്.

കോളേജിലെ പ്രതിഷേധത്തിലേക്കുള്ള പൊലീസ് ആക്രമണത്തില്‍ ഗൗരി തല്ലാന്‍ വരുന്ന പൊലീസിന് നേരെ കൈ ചൂണ്ടിയത്, പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിനിടയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ ആയിഷ പൊലീസിന് നേരെ വിരല്‍ ചൂണ്ടിയ പ്രശസ്ത ചിത്രത്തെ ഓര്‍മിപ്പിക്കുന്നു.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്സ് ബിജോയ്.

Content Highlights: Rashmita Ramachandran says A film like Jana Gana Mana is a political act when questioners are traitors

We use cookies to give you the best possible experience. Learn more