തന്റെ കരിയറില്‍ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നുവെന്ന് നടി രശ്മിക മന്ദാന. സിനിമാ ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വീട്ടുകാരെന്നും അവര്‍ക്ക് അഭിമാനിക്കാനുതകുന്ന എന്തെങ്കിലും ഇനിയും താന്‍ ചെയ്യേണ്ടതുണ്ടെന്നും രശ്മിക പറഞ്ഞു. ഹാര്‍പേഴ്‌സ് ബസാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ പരാമര്‍ശങ്ങള്‍.
‘എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ സിനിമില്‍ അഭിനയിക്കുന്നത് വലിയ താല്‍പര്യമില്ലായിരുന്നു. എന്റെ കുടുംബത്തിന് സിനിമ ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്തത് മാത്രമല്ല അതിന് കാരണം, മകള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ലായിരുന്നു. ഞാന്‍ ഒരു അവാര്‍ഡ് നേടുമ്പോള്‍ അവര്‍ക്ക് അഭിമാനമുണ്ടാകും. അവര്‍ക്ക് ശരിക്കും അഭിമാനം തോന്നണമെങ്കില്‍ ഞാന്‍ ഇനിയും കൂടുതല്‍ ചെയ്യണമായിരിക്കും.
ഒരു വിഷമവും നല്‍കാതെയാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. ഒരു കുട്ടിക്ക് വേണ്ടതെല്ലാം അവരെനിക്ക് നല്‍കി. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതിനൊക്കെ അവരെ തിരികെ ഞാന്‍ പരിപാലിക്കേണ്ട സമയമാണ് ഇപ്പോള്‍,’ രശ്മിക പറഞ്ഞു.