കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രശ്മിക മന്ദാന. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കിറിക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡി ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ അടുത്തിടെ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ബബ്ബിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചത്.
ഒരേസമയം വെറുപ്പും സ്‌നേഹവും ഏറ്റ് വാങ്ങേണ്ടിവരുന്നവരാണ് അഭിനേതാക്കള്‍ എന്നും, ഞാന്‍ എല്ലാവരോടും വളരെ ഫ്രണ്ട്ലിയായി ഇടപെടുന്ന വ്യക്തിയാണെന്നും അത് മാറ്റാന്‍ തന്നെ കൊണ്ട് പറ്റില്ലെന്നും അത് തന്റെ വ്യക്തിത്വമാണെന്നും രശ്മിക പറഞ്ഞു.
‘ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാന്‍ പലകാര്യങ്ങളഉം മനസിലാക്കിയിട്ടുണ്ട്. ഞാനൊരു പബ്ലിക് ഫിഗറാണ്. എനിക്ക് എല്ലായ്പോഴും എന്റെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടണമെന്ന് പറയാനാകില്ല. ഞാന്‍ എല്ലാവരുടെയും കപ്പ് ഓഫ് ടീ ആവണമെന്നില്ല. ഒരു അഭിനയേത്രി എന്ന നിലയില്‍ ഒരേസമയം അവരുടെ വെറുപ്പും സ്‌നേഹവും ഏറ്റുവാങ്ങേണ്ടി വരും. അതെങ്ങനെയായാലും ഒടുവില്‍ അവര്‍ നമ്മളെ കുറിച്ച് തന്നെ സംസാരിക്കും. ഒരു പബ്ലിക് ഫിഗര്‍ അല്ലെങ്കില്‍, സെലിബ്രിറ്റി ആയതിന്റെ ഭാഗമാണ് ഇതൊക്കെ.
ചിലയാളുകള്‍ക്ക് ഞാന്‍ എക്‌സ്പ്രസീവാകുന്നത് ഇഷ്ടപ്പെടില്ല. ചിലര്‍ക്ക് ഞാന്‍ കൈകൊണ്ട് കാണിക്കുന്ന ആംഗ്യങ്ങള്‍ ഇഷ്ടപ്പെടില്ല. ഇതൊക്കെ അവര്‍ക്ക് എന്നെ ഇഷ്ടപെടാതിരിക്കാനുള്ള കാരണങ്ങളായിരിക്കാം. അതേസമയം എന്നെ ഇഷ്ടപെടുന്ന കുറെ ആളുകള്‍ പുറത്തുണ്ട്. അവരോടെനിക്ക് വളരെ അധികം നന്ദിയുണ്ട്.
ഒരു വ്യക്തിക്ക് മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും പറ്റുന്നില്ല. വളരെ വിചിത്രമായി തോന്നുകയാണ് എനിക്ക്. കാരണം ഒരുപാട് ആളുകള്‍ എന്നെ കുറിച്ച് മോശമായി പലതും പറയുന്നുണ്ട്. ഞാന്‍ എന്തിനാ എല്ലാവരോടും നന്നായി പെരുമാറുന്നത്? ഫ്രണ്ട്ലിയായി ഇടപഴകുന്നത്? അതിന്റെ ഒക്കെ ആവശ്യം എന്താണ്? എന്നിങ്ങനെ ചോദിക്കുന്നവര്‍ വരെയുണ്ട്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളു, എനിക്ക് ഇത് മാറ്റാന്‍ കഴിയില്ല കാരണം അതെന്റെ പേഴ്‌സണാലിറ്റിയാണ്.’ രശ്മിക പറഞ്ഞു.