അല്ലു അര്‍ജുന്‍ നായകനായെത്തി കഴിഞ്ഞ വര്‍ഷത്തെ ബംബര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ 2. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദ റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ഇന്ത്യയൊട്ടാകെ ട്രെന്‍ഡായി മാറിയ പുഷ്പ രണ്ടാം വരവില്‍ വന്‍ ബജറ്റിലാണ് സുകുമാര്‍ ഒരുക്കിയത്. പുഷ്പ എന്ന സാധാരണക്കാരന്‍ ആന്ധ്രയിലെ ചന്ദനക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനാകുന്നതാണ് ചിത്രത്തിന്റെ കഥ. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലാണ് എത്തിയത്.
നായികയായി ചിത്രത്തിലെത്തിയത് രശ്മിക മന്ദാന ആയിരുന്നു. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിച്ചത്. ഇപ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ചും പുഷ്പയെ കുറിച്ചും സംസാരിക്കുകയാണ് ഫെമിന ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രശ്മിക മന്ദാന.
ശ്രീവല്ലി എന്ന കഥാപാത്രം തനിക്ക് പറഞ്ഞ് തന്നതുപോലെ അല്ലായിരുന്നുവെന്നും ഷൂട്ട് തുടങ്ങിയ ശേഷവും എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് വലിയ ധാരണയില്ലായിരുന്നുവെന്നും രശ്മിക പറയുന്നു. സംവിധായകന്‍ സുകുമാര്‍ ഒരു ജീനിയസ് ആണെന്ന് അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ പൂര്‍ണമായി കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും നടി പറഞ്ഞു.
പുഷ്പ 2 തുടങ്ങുമ്പോള്‍ സംവിധായകന്‍ തങ്ങളോട് സ്‌പെസിഫിക്കായി ഒരു കഥ പറഞ്ഞില്ലെന്നും അഭിനയിക്കുന്ന ഭാഗങ്ങളെല്ലാം ചേര്‍ത്ത് താന്‍ തന്നെ കഥ മനസിലാക്കുകയിരുന്നുവെന്നും രശ്മിക മന്ദാന കൂട്ടിച്ചേര്‍ത്തു.
‘ശ്രീവല്ലി എനിക്ക് പറഞ്ഞ് തന്ന ഒരു കഥാപാത്രമായിരുന്നില്ല. സിനിമയുടെ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നുപോലും എനിക്കറിയില്ലായിരുന്നു. എനിക്ക് ആകെ അറിയാവുന്ന കാര്യം സുകുമാര്‍ സാര്‍ ഒരു ജീനിയസ് ആണെന്നുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ മൊത്തമായി കീഴടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
പുഷ്പയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും സുകുമാര്‍ സാറിന്റെ ടെറിട്ടറി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പുഷ്പ 2 തുടങ്ങുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് സ്‌പെസിഫിക്കായിട്ടുള്ള ഒരു കഥയൊന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ ചെയ്യുന്നതില്‍ നിന്നെല്ലാം കൂട്ടിച്ചേര്‍ത്ത് സ്വയം മനസിലാക്കുകയായിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ലക്ഷ്യം ആളുകളെ മുഖത്ത് ഒരു ചിരി വരുത്തുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ (അവതാരകന്‍) ഞാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറയുമ്പോള്‍ ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് എനിക്ക് തോന്നുന്നത്,’ രശ്മിക മന്ദാന പറയുന്നു.
Content highlight: Rashmika Mandanna says Srivalli wasn’t a character that was narrated to her