Film News
പോക്കിരിയുടെ റീമേക്കാണ് വിജയ്‌യുടെ ഗില്ലിയെന്ന് ഈയടുത്താണ് ഞാന്‍ അറിഞ്ഞത്: രശ്മികയുടെ ഇന്റര്‍വ്യൂ വീണ്ടും ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 22, 06:10 am
Sunday, 22nd December 2024, 11:40 am

പോക്കിരിയുടെ റീമേക്കാണ് വിജയ്‌യുടെ ഗില്ലിയെന്ന് ഈയടുത്താണ് ഞാന്‍ അറിഞ്ഞത്: രശ്മികയുടെ ഇന്റര്‍വ്യൂ വീണ്ടും ചര്‍ച്ചയില്‍
കന്നഡ ചിത്രം കിറിക്  പാര്‍ട്ടിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് രശ്മിക മന്ദാന. വളരെ പെട്ടെന്ന് പാന്‍ ഇന്ത്യന്‍ സെന്‍സേഷനാകാന്‍ രശ്മികക്ക് സാധിച്ചു.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി രശ്മികക്ക് ഇന്റര്‍വ്യൂവിനിടെ പറ്റിയ നാക്കുപിഴയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തിയേറ്ററില്‍ നിന്ന് ആദ്യമായി കണ്ട ചിത്രം ഗില്ലിയാണെന്ന് പറഞ്ഞ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ജീവിതത്തില്‍ ആദ്യമായി തിയേറ്ററില്‍ കണ്ട നടന്‍ വിജയ് ആണെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ് അതെന്നും രശ്മിക പറഞ്ഞു.

എന്നാല്‍ ഈയിടക്കാണ് തെലുങ്ക് സിനിമയായ പോക്കിരിയുടെ റീമേക്കാണ് ഗില്ലിയെന്ന് താന്‍ മനസിലാക്കിയതെന്ന് രശ്മിക കൂട്ടിച്ചേര്‍ത്തു. ഈ ഭാഗമാണ് ട്രോളിന് വിധേയമായത്. മഹേഷ് ബാബു നായകനായ ഒക്കടുവിന്റെ റീമേക്കാണ് ഗില്ലി. ഇതാണ് രശ്മിക തെറ്റായി പറഞ്ഞത്. എന്നാല്‍ ഇത് പിന്നീട് രശ്മിക തിരുത്തിയതുമില്ല.

‘തിയേറ്ററില്‍ നിന്ന് ആദ്യമായി കണ്ട സിനിമ ഗില്ലിയാണ്. ആ സിനിമ എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. ഞാന്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട നടന്‍ വിജയ്‌യാണ്. പക്ഷേ ഈയടുത്താണ് അത് റീമേക്കാണെന്ന് മനസിലായത്. പോക്കിരിയുടെ തമിഴ് റീമേക്കായിരുന്നു ഗില്ലി. പക്ഷേ, ഗില്ലിയിലെ അപ്പടി പോട് എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ രശ്മിക പറഞ്ഞു.


സിനിമയെപ്പറ്റി അറിവില്ലാതെ സംസാരിക്കുന്നത് സ്ഥിരം ഏര്‍പ്പാടാണല്ലേ എന്നാണ് പലരും ചോദിക്കുന്നത്. പറഞ്ഞത് തെറ്റാണെന്ന് മനസിലാകാത്തതുകൊണ്ടാണോ മാറ്റിപ്പറയാത്തത് എന്നും ചിലര്‍ ചോദിച്ചു. എന്നാല്‍ ഇത് ആദ്യമായല്ല രശ്മികയുടെ ഇത്തരം പരാമര്‍ശങ്ങള്‍ ട്രോളിന് വിധേയമാകുന്നത്. പുഷ്പയില്‍ അല്ലു അര്‍ജുന്‍ സാരിയുടുത്ത് ചെയ്ത പെര്‍ഫോമന്‍ല് ഇന്ത്യയില്‍ മറ്റൊരു നടനും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്ന് ഒരു അഭിമുഖത്തിനിടെ രശ്മിക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ അവ്വൈ ഷണ്മുഖിയിലെ കമല്‍ ഹാസന്‍, സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതി, കാഞ്ചനയിലെ ശരത്കുമാറും രാഘവ ലോറന്‍സും തുടങ്ങിയ പെര്‍ഫോമന്‍സുകള്‍ രശ്മിക കണ്ടിട്ടില്ലെന്ന രീതിയില്‍ ട്രോളുകളും വീഡിയോകളും പ്രചരിച്ചു. സിനിമയെക്കുറിച്ച് അറിവ് വന്നാല്‍ മാത്രം അതിനെക്കുറിച്ച് സംസാരിക്കുക എന്നാണ് താരത്തിന്റെ അഭിമുഖത്തിന് താഴെ വരുന്ന കമന്റുകള്‍.

Content Highlight: Rashmika Mandanna’s new interview discussing on social media