| Friday, 5th July 2024, 1:32 pm

ഒരു പെട്ടി നിറയെ കാശുമായി രശ്മിക; ആ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രശ്മിക മന്ദാനയും ധനുഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുബേര. സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികയായ രശ്മികയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഫസ്റ്റ് ലുക്കിനൊപ്പം രശ്മികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. രശ്മികയുടെ കരിയറിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വന്ന ഫസ്റ്റ് ലുക്കും വീഡിയോയും തരുന്നത്.

ഒരു മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ഈ വീഡിയോ ഇതിനോടകം ആരാധകരെ ആവേശഭരിതരാക്കിക്കഴിഞ്ഞു. ദേവിശ്രീ പ്രസാദിന്റെ പശ്ചാത്തല സംഗീതവും ഈ വീഡിയോയെ ഗംഭീരമാക്കുന്നുണ്ട്. പ്രശസ്ത നടന്‍ ജിം സര്‍ഭും നിര്‍ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ചിത്രീകരണത്തോടൊപ്പം തന്നെ നടക്കുന്നുണ്ട്.

സുനില്‍ നാരംഗ്, പുസ്‌ക്ര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍.എല്‍.പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരു ബഹുഭാഷാ പ്രൊജക്റ്റ് ആയാണ് കുബേരയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ ഹൈദരാബാദില്‍ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പി.ആര്‍.ഒ: ശബരി.
Content Highlight: Rashmika Mandanna’s Kubera Movie First Look Poster And Video Out

We use cookies to give you the best possible experience. Learn more