പാപ്പരാസികളെ കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് വരെ എത്തിനോക്കുന്ന പാപ്പരാസികള്‍ക്കെതിരെ പല അഭിനേതാക്കളും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം രശ്മിക മന്ദാന ഇതില്‍ നിന്നും വ്യത്യസ്തയാണ്. പാപ്പരാസികള്‍ക്ക് വേണ്ടി ഫോട്ടോക്ക് പോസ് ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കാത്ത രശ്മികയുടെ അത്തരം ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്.
നടിയുടെ എക്‌സ്പ്രഷനുകളാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. പാപ്പരാസികളോടുള്ള ഈ സമീപനത്തെ കുറിച്ച് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ രശ്മികയോട് ചോദിച്ചിരുന്നു.
ബോളിവുഡിലാണ് പാപ്പരാസികള്‍ കൂടുതലെന്നും സൗത്തില്‍ അങ്ങനെയല്ലെന്നും പറഞ്ഞ രശ്മിക, അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നാണ് താന്‍ കരുതുന്നതെന്നും പറഞ്ഞു.
‘ഞാന്‍ സൗത്തില്‍ നിന്നുള്ളയാളാണ്. ബോളിവുഡിലുള്ളത് പോലെ പാപ്പരാസികള്‍ സൗത്തിലില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് എനിക്കറിയാം.
എല്ലാവരും വ്യക്തിപരമായി പല പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരാണ്. ഇവരും അങ്ങനെ തന്നെയായിരിക്കുമല്ലോ. ഞാന്‍ കാരണം ഇനി അവര്‍ക്ക് മറ്റൊരു ബുദ്ധിമുട്ട് കൂടി ഉണ്ടാകണ്ടല്ലോ എന്നാണ് ഞാന്‍ എപ്പോഴും കരുതാറുള്ളത്.
പക്ഷെ ഇവിടെ തന്നെ വളര്‍ന്നു വലുതായവരുടെ അവസ്ഥ അങ്ങനെയല്ല. അവര്‍ക്ക് ചുറ്റും എപ്പോഴും പാപ്പരാസികളുണ്ടാകും. തീര്‍ച്ചയായും അത് അവരെ അസ്വസ്ഥതപ്പെടുത്താം.
ഓരോ ദിവസത്തെയും മൂഡും ഓരോരുത്തരും നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാമുണ്ടാകും. ഒരാള്‍ക്ക് എപ്പോഴും മേക്കപ്പിട്ട് മുടി സ്റ്റൈലായി കെട്ടിവെച്ച് ഫ്രഷ് ലുക്കില്‍ വന്ന് നില്‍ക്കാനാകില്ലല്ലോ. വര്‍ഷം മുഴുവന്‍ അങ്ങനെ ചെയ്യാന്‍ ആര്‍ക്കുമാകില്ല.
എന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ എന്റെ വര്‍ക്ക് ചെയ്യാനാണ് ബോളിവുഡിലേക്ക് വന്നിരിക്കുന്നത്. പാപ്പരാസികളും അങ്ങനെ തന്നെയാണ്.
ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് പാപ്പരാസികള്‍ക്ക് മുന്നിലെത്തുന്നത്. നുണ പറയേണ്ടതിന്റെയോ വേഷം കെട്ടലുകള്‍ നടത്തേണ്ടതിന്റെയോ കാര്യമെനിക്കില്ല.
ഞാന്‍ നല്ല സന്തോഷത്തിലായിരിക്കും പൊതുവെ. എന്റെ സന്തോഷമാണ് പാപ്പരാസികള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. അവര്‍ക്ക് എന്താണോ വേണ്ടത് അത് നല്‍കാന്‍ ഞാന്‍ റെഡിയാണ്.
പക്ഷെ അതേസമയം ഞാന്‍ അവരുടെ മൂക്കിന് കീഴിലല്ല ഞാന്‍ എപ്പോഴും ജീവിക്കുന്നത്. എന്റെ നാട് കൂര്‍ഗാണ്. അവിടെ പാപ്പരാസിയൊന്നുമില്ല. അവിടെയുള്ളവര്‍ക്ക് ഞാന്‍ അവിടെ താമസിക്കുന്ന കാര്യം പോലും അറിയില്ല.
വീട്ടിലെത്തിയാല്‍ എന്റെ അമ്മ വന്ന് ഒരു നൂറ് ഫോട്ടോയെടുക്കും. അല്ലാതെ ക്ലിക്ക് ചെയ്യാനും ഫോട്ടോയെടുക്കാനും അവിടെ വേറെയാരും കാണില്ല (ചിരിച്ചുകൊണ്ട്),’ രശ്മിക പറയുന്നു.
Content Highlight: Rashmika Mandanna about Bollywood Papparazi