ഐ.പി.എല്‍ കണ്ട എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍. വിവിധ തരം സ്പിന്‍ വേരിയേഷനുകള്‍ കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ റാഷിദിന് സാധിക്കാറുണ്ട്.
ഒട്ടുമിക്ക ബാറ്റര്‍മാരും ശ്രദ്ധയോടെ മാത്രമേ റാഷിദിനെ നേരിടാറുള്ളു. എന്നാല്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും കഠിനമായ ബാറ്റര്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലായിരിക്കും എന്നാണ് റാഷിദിന്റെ അഭിപ്രായം.
‘ടൂര്‍ണമെന്റിലുടനീളം ഗില്‍ കളിച്ച രീതി അവിശ്വസനീയമായിരുന്നു, അദ്ദേഹം ഞങ്ങളുടെ ടീമിലുണ്ടായതില്‍ സന്തോഷമുണ്ട്. എനിക്ക് പന്തെറിയാന്‍ ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ കരുതുന്ന ഒരേയൊരു ബാറ്റര്‍ അവന്‍ മാത്രമാണ്, പക്ഷേ ഭാഗ്യവശാല്‍ അവന്‍ എന്റെ ടീമിലുണ്ട്’, റാഷിദ് പറഞ്ഞു
അവനോടൊപ്പം ഈ ടീമില്‍ കളിച്ചതില്‍ ഒരുപാട് അഭിമാനിക്കുന്നു. ഗില്ലിനെ പോലെയുള്ള കളിക്കാര്‍ ടീമിന് ഒരുപാട് ഊര്‍ജം നല്‍കുന്നുണ്ടെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനെതിരെയുള്ള ഫൈനലിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു റാഷിദ്.
ഫൈനലില്‍ പുറത്താകാതെ 45 റണ്‍ നേടി മികച്ച പ്രകടനമായിരുന്നു ഗില്‍ നടത്തിയത്. ഗുജറാത്തിനെ കിരീടത്തിലെത്തിച്ച വിജയ റണ്‍ അടിച്ചതും ഗില്ലായിരുന്നു.
ഈ ഐ.പി.എല്ലില്‍ ഉടനീളം മികച്ച പ്രകടനമായിരുന്നു ഗില്‍ കാഴ്ചവെച്ചത്. ഓപ്പണറായി ടീമിന് മികച്ച തുടക്കം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 34.50 ശരാശരിയില്‍ 483 റണ്ണാണ് ഗില്‍ അടിച്ചെടുത്തത്. ഈ ഐ.പി.എല്‍ സീസണില്‍ സ്പിന്നിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും ഗില്‍ തന്നെയാണ്.
Content Highlights: Rashid says Subhman Gill would have been tough to ball