ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് അഫ്ഗാനിസ്ഥാന്‍ മുന്നേറുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ കരുത്തന്മാരായ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന്‍ നേടിയ 325 റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ലായിരുന്നു. ഇബ്രാഹിം സദ്രാന്റെ 177 റണ്‍സിന്റെ വമ്പന്‍ പിന്‍ബലവും അസ്മത്തുള്ള ഉമര്‍സായിയുടെ ഫൈഫര്‍ പ്രകടനവും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.
പാകിസ്ഥാന്‍ സൂപ്പര്‍ താരം യൂനിസ് ഖാനാണ് 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ ഉപദേഷ്ടാവ്. പാകിസ്ഥാന്‍ ടീമില്‍ ചേരാന്‍ വിസമ്മതിച്ചാണ് യൂനിസ് ഐ.സി.സി ടൂര്‍ണമെന്റിനായി അഫ്ഗാനിസ്ഥാനില്‍ ചേര്‍ന്നതെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും പരിശീലകനുമായ റാഷിദ് ലത്തീഫ്.
‘യൂനിസ് ഖാന്‍ പാകിസ്ഥാനുമായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുകയും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി അഫ്ഗാനിസ്ഥാനില്‍ ചേരുകയും ചെയ്തു. അദ്ദേഹം തന്റെ സേവനങ്ങള്‍ക്ക് അവരില്‍ നിന്ന് പണം ഈടാക്കുന്നില്ല,’ ജിയോ ന്യൂസിന്റെ ‘ഹാര്‍ണ മനാ ഹേ’ എന്ന പരിപാടിയില്‍ ലത്തീഫ് പറഞ്ഞു.
Yunis Khan
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി) ചീഫ് എക്സിക്യൂട്ടീവ് നസീബ് ഖാന്‍, യൂനിസ് ഖാനെ ഒരു മെന്ററായി കൊണ്ടുവരുന്നതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.
‘ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനിലാണ് നടക്കുന്നത്, അതിനാല്‍ ഞങ്ങളുടെ കളിക്കാരെ മെന്റര്‍ ചെയ്യാന്‍ ആതിഥേയ രാജ്യത്തുനിന്നുള്ള ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി-20 ലോകകപ്പിലും ആതിഥേയ രാജ്യങ്ങളില്‍ നിന്നുള്ള മെന്റര്‍മാരെ നിയമിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല ഫലങ്ങളും നേടാന്‍ സാധിച്ചിട്ടുണ്ട്,’ നസീബ് ഖാന്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.
Trot
ഈ മത്സരത്തില്‍ വിജയിച്ചാല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനും സെമി ഫൈനല്‍ ഉറപ്പിക്കാനുമാണ് രണ്ട് ടീമിനുമുള്ള അവസരം. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച പ്രകടനം നടത്തുമെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
‘ഓസ്ട്രേലിയയ്‌ക്കെതിരെ ഞങ്ങള്‍ മൂന്ന് തവണ കളിച്ചിട്ടുണ്ട്, അവരുടെ ശൈലിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. അഫ്ഗാനിസ്ഥാനെ നിസ്സാരമായി കാണരുതെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഞങ്ങള്‍ എല്ലാ കളികളും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Rashid Latif Talking About Yunis Khan And Afghanistan Cricket