പാകിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റിരുന്നു. അദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയ പാകിസ്ഥാന്‍ പട രണ്ടാം മത്സരത്തില്‍ 246 റണ്‍സിനാണ് തോറ്റത്. ഇതോടെ രണ്ട് മത്സരമുള്ള പരമ്പര 1-1 എന്ന നിലയില്‍ അവസാനിച്ചു.
ശ്രീലങ്കയുടെ പുതിയ സ്പിന്‍ സെന്‍സേഷന്‍ പ്രഭാത് ജയസൂര്യയും രമേശ് മെന്‍ഡിസും ചേര്‍ന്നായിരുന്നു രണ്ടാം ഇന്നിങ്സില്‍ പാക് പടയുടെ നടുവൊടിച്ചത്. ജയസൂര്യ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മെന്‍ഡിസ് നാല് വിക്കറ്റും സ്വന്തമാക്കി.
രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്റെ തോല്‍വിക്ക് ശേഷം നായകന്‍ ബാബറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ മുന്‍ താരമായ റാഷിദ് ലത്തീഫ്. ടീമില്‍ സ്പിന്നേഴ്‌സിന്റെ ക്ഷാമത്തില്‍ മാനേജ്‌മെന്റിനെയും അദ്ദേഹം വിമര്‍ശിച്ചു.
ടീമില്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാനെ ഉള്‍പ്പെടുത്താതിനും അദ്ദേഹം വിമര്‍ശിച്ചു. ടീമിനെയും ക്യാപ്റ്റന്‍ ബാബറിനെയുമാണ് ലത്തീഫ് വിമര്‍ശിച്ചത്. തന്റെ യൂറ്റിയൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുകള്‍ തിരിച്ചറിയാന്‍ കഴിവുള്ളവര്‍ വളരെ കുറവാണ്. ഞങ്ങള്‍ കുറച്ച് വൈകിയെന്ന് ഞാന്‍ കരുതുന്നു. പി.എസ്.എല്‍ സമയത്ത് ഷദാബ് ഖാന്‍ മികച്ച ഫോമിലായിരുന്നു. അദ്ദേഹത്തേക്കാള്‍ മികച്ച ഒരു ഓള്‍റൗണ്ടര്‍ ഈ രാജ്യത്ത് ഉണ്ടെന്ന് നിലവില്‍ എനിക്ക് തോന്നുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരം നല്‍കാത്തത്? ഇത് സെലക്ഷന്‍ കമ്മിറ്റിയോടും ബാബര്‍ അസമിനോടും ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ലത്തീഫ് പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നടക്കുമ്പോള്‍ ബംഗ്ലാദേശില്‍ ഒരു ലീഗില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ബോര്‍ഡ് ഷദാബിനെ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ക്ക് സ്പിന്നര്‍മാര്‍ ഇല്ലെന്ന് ആളുകള്‍ കരുതുന്നു. പക്ഷേ ഞങ്ങള്‍ അവരെ കളിക്കാനായി തയ്യാറാക്കിയില്ല. ഈ സീസണില്‍ ഷദാബിന് അവസരം നല്‍കണമായിരുന്നു. നമുക്ക് അദ്ദേഹത്തെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരണം,’ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
6 ടെസ്റ്റുകളില്‍ നിന്ന് 300 റണ്‍സും 14 വിക്കറ്റും ഷദാബ് നേടിയിട്ടുണ്ട്. അതേസമയം രണ്ടാം ടെസ്റ്റ് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക.