മോഡേണ്‍ ഡേ ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്യുന്ന താരങ്ങളില്‍ പ്രധാനികളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പാക് നായകന്‍ ബാബര്‍ അസവും. ക്രിക്കറ്റില്‍ ഉണ്ടാക്കിയ ഇംപാക്ട് കാരണം ബാബറിനെ അടുത്ത വിരാട് കോഹ്‌ലിയെന്ന് വിശേഷിപ്പിക്കാറുണ്ട്.
വിരാടാണോ ബാബറാണോ മികച്ചവന്‍ എന്ന് ആരാധകര്‍ തര്‍ക്കിക്കുമ്പോള്‍ ഇരുവരുടെയും പിന്മുറക്കാരെ കണ്ടെത്താന്‍ ക്രിക്കറ്റ് അനലിസ്റ്റുകള്‍ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ നിരീക്ഷിക്കുന്ന തിരക്കിലുമാണ്.
എന്നാല്‍ അടുത്ത് വിരാട് കോഹ്‌ലിയും ബാബര്‍ അസവും ആകാന്‍ പൊട്ടെന്‍ഷ്യലുള്ള ഒരു താരത്തെ കണ്ടെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്. ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രൂക്കിനെയാണ് ലത്തീഫ് ഇരുവരുടെയും പിന്‍ഗാമിയാകാന്‍ പോന്നവനെന്ന് നീരീക്ഷിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ദി നെക്‌സ്റ്റ് ബിഗ് തിങ് എന്ന നിലയിലാണ് റാഷിദ് ലത്തീഫ് ഹാരി ബ്രൂക്ക് എന്ന 23കാരനെ കാണുന്നത്.
‘ബ്രൂക്ക് മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളായി മാറാനും അവനായിട്ടുണ്ട്. അടുത്ത ബാബര്‍ അസമോ വിരാട് കോഹ്‌ലിയോ ആകാനും അവന് സാധിക്കും,’ ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് ബ്രൂക്ക് ഇംഗ്ലണ്ടിനൊപ്പം പുറത്തെടുത്തത്. ടി-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ ഹാരി ബ്രൂക്ക് ഇടം നേടിയിരുന്നു.
ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആകാനും ബ്രൂക്കിന് സാധിച്ചിരുന്നു. പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 468 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്. പരമ്പരയിലെ റണ്‍വേട്ടക്കാരനും ബ്രൂക്ക് തന്നെയായിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലും ബ്രൂക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 75 പന്തില്‍ നിന്നും 80 റണ്‍സാണ് ബ്രൂക്ക് നേടിയത്. മത്സരത്തില്‍ തോറ്റെങ്കിലും താരത്തിന്റെ പ്രകടനം മികച്ചുനിന്നിരുന്നു.