| Friday, 5th August 2022, 9:55 am

പാകിസ്ഥാന്‍ ഇന്ത്യക്ക് ഒരുപാട് നഷ്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, ഇന്ത്യ അതില്‍ നിന്നും കരകയറാനുള്ള പുറപ്പാടിലാണ്: മുന്‍ പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരവും ഒരുപക്ഷെ ഇതുതന്നെയായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ഒരുപാട് രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇരു ടീമുകളും ഏറ്റുമുട്ടാറുള്ളു.

ഇരുവരും ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ എന്നും ആവേശമുള്ളതാണ്. മത്സരത്തിനപ്പുറം ഒരു വികാരത്തില്‍ ഈ പോരാട്ടത്തെ സമീപിക്കുന്ന ആരാധകരുണ്ട്. ഏഷ്യ കപ്പിലാണ് ഇരുവരും അടുത്തതായി ഏറ്റുമുട്ടുന്ന മത്സരം. ഓഗസ്റ്റ് 28നാണ് ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്ന ആദ്യ മത്സരമായിരിക്കുമിത്. മത്സരത്തില്‍ പാകിസ്ഥാന്‍ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. പാകിസ്ഥാന്റെ ആ പത്ത് വിക്കറ്റിന്റെ മികച്ച വിജയം ലോകക്രിക്കറ്റിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മതിപ്പ് കുറച്ചെന്നാണ് പാകിസ്ഥാന്റെ മുന്‍ നായകനായ റാഷിദ് ലത്തീഫിന്റെ അഭിപ്രായം.

അതുകൊണ്ട് തന്നെ ഇന്ത്യ ട്വന്റി-20 ലോകകപ്പിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ നിലവില്‍ ഇന്ത്യ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവരുടെ ശ്രദ്ധ ഏഷ്യാ കപ്പിലാണ്. കഴിഞ്ഞ വര്‍ഷം ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന് വലിയ നഷ്ടമുണ്ടാക്കിയതിനാല്‍ അതില്‍ നിന്ന് കരകയറാന്‍ അവര്‍ ശ്രമിക്കുകയാണ്, ”ലത്തീഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നാണ് ലത്തീഫ് പറയുന്നു. ഇന്ത്യന്‍ നിരയിലെ എല്ലാ താരങ്ങളും കളിക്കാനിറങ്ങുകയാണെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നിര്‍ണായകമാണ്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യന്‍ മാനേജ്മെന്റ് ശ്രദ്ധിക്കും. പ്രധാനപ്പെട്ട എല്ലാ കളിക്കാരും ഇന്ത്യക്കായി ലഭ്യമാണെങ്കില്‍ അവര്‍ക്ക് ജയിക്കാന്‍ സാധിക്കും,’ ലത്തീഫ് പറയുന്നു.

കഴിഞ്ഞ ലോകകപ്പില്‍  പാകിസ്ഥാന്‍ ഇന്ത്യന്‍ ടീമിനെ തകര്‍ത്തെറിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ എഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയിരുന്നു. ടോപ് ഓര്‍ഡറിലെ മൂന്ന് പേരുടെയും വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മത്സരം വിജയിക്കുകയായിരുന്നു. മുഹമ്മദ് റിസ്‌വാന്‍ 79 റണ്‍സും, നായകന്‍ ബാബര്‍ അസം 68 റണ്‍സും സ്വന്തമാക്കിയിരുന്നു.

Content Highlights: Rashid Lathif says Indian team is damaged cause of last year VS Pakistan

We use cookies to give you the best possible experience. Learn more