| Sunday, 17th March 2024, 9:50 am

ഐറിഷ് പടയെ എറിഞ്ഞു വീഴ്ത്തി നേടിയത് ഇരട്ടറെക്കോഡ്; 14 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് റാഷിദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍  38 റണ്‍സിന്റെ വിജയം അയര്‍ലാന്‍ഡ് സ്വന്തമാക്കിയിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന് സാധിച്ചു. ബൗളിങ്ങില്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. നാലു ഓവറില്‍ 19 വിട്ടുനല്‍കിയാണ് റാഷിദ് മൂന്ന് വിക്കറ്റ് നേടിയത്.

അയര്‍ലാന്‍ഡ് താരങ്ങളായ പോള്‍ സ്റ്റെർലിങ്, കര്‍ട്ടിസ് കാംഫെര്‍, ഗാരത് ഡെലാനി എന്നിവരെ വീഴ്ത്തികൊണ്ടായിരുന്നു അഫ്ഗാന്‍ നായകന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് അഫ്ഗാന്‍ നായകന്‍ നടന്നുകയറിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമായി മാറാനും റാഷിദിന് സാധിച്ചു.

മറ്റൊരു തകര്‍പ്പന്‍ റെക്കോഡും റാഷിദ് ഖാന്‍ സ്വന്തമാക്കി. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20യില്‍ അഫ്ഗാന്‍ നായകന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇതിനു മുമ്പ് ടി-20യില്‍ അയര്‍ലാന്‍ഡിനെതിരെ മികച്ച ബൗളിങ് പ്രകടനം നടത്തിയത് നവാറോസ് മോന്‍ഗല്‍ ആയിരുന്നു. 2010ൽ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കിയായിരുന്നു മോന്‍ഗല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. ഹാരി ടെക്ടര്‍ 34 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടി നിര്‍ണായകമായി. ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് ടെക്ടര്‍ നേടിയത്.

അഫ്ഗാന്‍ ബൗളിങ്ങില്‍ നായകന്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും നംഗേയാലിയ ഖരോട്ടെ രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് അസ്മത്തുള്ള ഒമര്‍സായിയാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 18.4 ഓവറില്‍ 111 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ബെഞ്ചമിന്‍ വൈറ്റ് നാല് വിക്കറ്റും ജോഷ്വാ ലിറ്റില്‍ മൂന്നു വിക്കറ്റും ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ അഫ്ഗാന്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് ഇഷ്വാക് 22 പന്തില്‍ 32 റണ്‍സും മുഹമ്മദ് നബി 21 പന്തില്‍ 25 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. മാര്‍ച്ച് 17നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rashid Kjhan reached a new milestone

We use cookies to give you the best possible experience. Learn more