ക്രിക്കറ്റ് ലോകത്ത് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍. അടുത്തിടെ ഇന്ത്യയിലെ ഗ്രേറ്റര്‍ നോയിഡയില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
റെഡ് ബോളില്‍ ഇനി അഫ്ഗാനിസ്ഥാന് സിംബാബ്‌വെക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരമാണുള്ളത്. 2024 ഡിസംബര്‍ 26 മുതല്‍ 30 വരെയുള്ള ബോക്‌സിങ് ഡേയും, 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ രണ്ടാമത്തെ ടെസ്റ്റും നടക്കും. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചാണ് മത്സരം. 28 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ ഒരു ബോക്‌സിങ് ഡേയ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നത്.
മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ റാഷിദ് ഖാന്‍ റെഡ് ബോളില്‍ തിരച്ചെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. 2021ല്‍ സിബാബ്‌വെക്കെതിരായ ടെസ്റ്റിലാണ് താരം അവസാനമായി റെഡ് ബോളിന്റെ ഭാഗമായത്. മത്സരത്തില്‍ താരം 11 വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ പരിക്കിനെതുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് ഇടവേളയെടുക്കുകയായിരുന്നു താരം. ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മതിയായ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എല്ലാ പിന്തുണയും താരത്തിന് ഉണ്ടായിരുന്നു.
ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ വെറും അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്സില്‍ നിന്ന് 34 വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. 22.35 ആവറേജും താരത്തിനുണ്ട്. മാത്രമല്ല ബാറ്റിങ്ങില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 101 റണ്‍സാണ് റാഷിദ് നേടിയത്.
പരിമിതമായ ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചതെങ്കിലും വമ്പന്‍ തിരിച്ചുവരവിനാണ് താരം ലക്ഷ്യമിടുന്നത്. റാഷിദ് ഖാന്റെ റെഡ് ബോളിലെ തിരിച്ചുവരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നും ഉറപ്പാണ്.
Content Highlight: Rashid Khan To Return Into Test Cricket Against Zimbabwe