ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ പോലെതന്നെ വളരെ ആവേശകരമായ മത്സരമായിരുന്നു ഐ.പി.എല്‍ ആദ്യ പ്ലേ ഓഫ് മത്സരം. ഈ ഐ.പി.എല്ലിലെ ടോപ്പ് ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അവസാന വിജയം ഗുജറാത്തിനൊപ്പമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 188 റണ്‍സാണ് സ്വന്തമാക്കിയത്. 89 റണ്‍സ് നേടിയ ബട്ലറിന്റെയും 47 റണ്ണടിച്ച ക്യാപ്റ്റന്‍ സഞ്ജുവിന്റയെും മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലായിരുന്നു രാജസ്ഥാന്റെ നേട്ടം.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് അവസാന ഓവറില്‍ കളി ജയിക്കുകയായിരുന്നു. പുറത്താകാതെ 68 റണ്‍ നേടിയ ഡേവിഡ് മില്ലറായിരുന്നു ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബൗളര്‍മാരെല്ലാം തന്നെ കണക്കിന് തല്ല് വാങ്ങിയിരുന്നു.
ഒറ്റ നോട്ടത്തില്‍ മില്ലറിന്റെയും പാണ്ഡ്യയുടെയും ബാറ്റിംഗാണ് മത്സരം ജയിപ്പിച്ചത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക. എന്നാല്‍ ബൗളര്‍മാരല്ലൊം അടിവാങ്ങിക്കൂട്ടിയ മത്സരത്തില്‍ ഗുജറാത്തിന്റെ സ്പിന്‍ ഇതിഹാസവും വൈസ് ക്യാപ്റ്റനുമായ റാഷിദ് ഖാന്റെ പ്രകടനമാണ് വേറിട്ട് നില്‍ക്കുന്നത്.
നാല് ഓവര്‍ പന്തെറിഞ്ഞ റാഷിദ് വെറും 15 റണ്ണുകള്‍ മാത്രമേ വിട്ട് നല്‍കിയിട്ടുള്ളു. വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും മിഡില്‍ ഓവറുകളില്‍ ബട്ലറിന്റെ ബാറ്റിംഗ് വേഗതയ്ക്ക് വിലങ്ങിടാന്‍ റാഷിദിന് സാധിച്ചിട്ടുണ്ട്. മത്സരഫലം ഗുജറാത്തിന് അനുകൂലമാക്കിയതില്‍ പ്രധാന പങ്ക് റാഷിദിന് തന്നെയായിരുന്നു.
ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരുടെ ലിസ്റ്റ് എടുത്താല്‍ മുന്‍പന്തിയില്‍ തന്നെ റാഷിദ് ഖാന്‍ ഉണ്ടാകും. ഈ വര്‍ഷവും മികച്ച പ്രകടനമാണ് റാഷിദ് തന്റെ ടീമിന് വേണ്ടി നടത്തിയത്.
15 കളികളില്‍ നിന്നും 18 വിക്കറ്റുകള്‍ കൊയ്ത റാഷിദിന്റെ ഇകോണമി വെറും 6.74 ആണ്. ഗുജറാത്തിന്റെ വിജയങ്ങളില്‍ പ്രധാന പങ്ക് താരത്തിന്റെ ബൗളിംഗിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.