ഏഷ്യാ കപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്ഥാന്‍. ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെയും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനേയും തോല്‍പിച്ചുകൊണ്ടായിരുന്നു അഫ്ഗാന്റെ മുന്നേറ്റം.
അഫ്ഗാന്റെ ബൗളിങ്ങിന് മുന്നില്‍ പതറുന്ന എതിര്‍ ടീം ബാറ്റര്‍മാരെയാണ് രണ്ട് കളിയിലും കാണാന്‍ സാധിച്ചത്.
രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകായായിരുന്നു. എന്നാല്‍ അഫ്ഗാന്റെ ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി 31 പന്തുകളില്‍ നിന്നും 48 റണ്‍സ് നേടിയ മൊസാദേക്ക് ഹുസൈന്‍ മാത്രമാണ് തിളങ്ങിയത്.
20 ഓവറില്‍ 127 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. അഫ്ഗാനിസ്ഥാന് വേണ്ടി സ്പിന്നര്‍മാരായ മുജീബ് റഹ്മാനും റാഷീദ് ഖാനും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് വിക്കറ്റ് വീതം ഇരുവരും സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതോടെ ന്യൂസിലാന്‍ഡ് സീമര്‍ ടിം സൗത്തിയെ മറികടന്ന് അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി മാറി. 114 വിക്കറ്റാണ് സൗത്തി ന്യൂസിലാന്‍ഡിനായി ട്വന്റി-20യില്‍ നേടിത്. എന്നാല്‍ 115 വിക്കറ്റുമായി 23 വയസുകാരനായ റാഷിദ് അദ്ദേഹത്തെ മറികടക്കുകയായിരുന്നു.
122 വിക്കറ്റുമായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്.
2015ലാണ് റാഷിദ് ട്വന്റി-20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 68 മത്സരങ്ങള്‍ അഫ്ഗാനായി കളത്തിലിറങ്ങിയ അദ്ദേഹം 13.73 ശരാശരിയിലാണ് ഈ നേട്ടം കൈവരിക്കുന്നത്. 6.16 എക്കോണമി റേറ്റിലാണ് അദ്ദേഹം ബോള്‍ ചെയ്യുന്നത്. ഉയര്‍ന്ന പത്ത് വിക്കറ്റ് നേട്ടക്കാരില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള ബൗളറും അദ്ദേഹമാണ്.
അതേസമയം ഗ്രൂപ്പ് മത്സരത്തില്‍ ഒരുവട്ടം കൂടി അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ വിജയധിപത്യത്തിന്റെ ആത്മവിശാസത്തിലാവും അഫ്ഗാനിസ്ഥാന്‍ കളത്തിലിറങ്ങുക. ആദ്യ മത്സരത്തിലെ തോല്‍വി ഭാരം മറികടക്കണം എന്ന ലക്ഷ്യത്തോടെയാവും ശ്രീലങ്ക ഇറങ്ങുക.