| Thursday, 22nd March 2018, 8:54 am

ലോകകപ്പ് യോഗ്യത: അത്ഭുതങ്ങള്‍ സംഭവിക്കും; പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന് റഷീദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹരാരെ: ലോകകപ്പ് യോഗ്യത നേടുവാന്‍ അഫ്ഗാനിസ്ഥാനു ഇനിയും സാധ്യതയുണ്ടെന്ന് റഷീദ് ഖാന്‍. നിലവില്‍ ആരും തന്നെ യോഗ്യത നേടിയിട്ടില്ല. അതിനാല്‍ തന്നെ പ്രതീക്ഷ കൈവിടേണ്ടതില്ല. എല്ലാ ടീമുകളുടെയും ഒരു ഫലം പാളിയാല്‍ അവരുടെ സാധ്യത ഇല്ലാതായേക്കും അതിനാല്‍ തന്നെ എല്ലാ ടീമുകള്‍ക്കും പ്രതീക്ഷയ്ക്കും വകയുണ്ട്. സൂപ്പര്‍ സിക്‌സില്‍ എന്ത് അത്ഭുതങ്ങള്‍ വേണമെങ്കിലും സംഭവിക്കാം.

ആദ്യ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്‌സില്‍ കടന്നതും ഇതുപോലെ അവസാന നിമിഷമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ഇപ്പോഴുമുണ്ട്. സൂപ്പര്‍ സിക്‌സില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുക, പിന്നീട് നടക്കുന്നതെന്തെന്ന് കാത്തിരുന്ന് കാണുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോംഗിനെ നേപ്പാള്‍ പരാജയപ്പെടുത്തിയത് പോലൊരു അത്ഭുതം സൂപ്പര്‍ സിക്‌സില്‍ സംഭവിക്കില്ലായെന്ന് ആര്‍ക്കും പറയാനാകില്ലെന്നും റഷീദ് ഖാന്‍ കൂട്ടിചേര്‍ത്തു.


Read Also : വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം


ലോകകപ്പ് സാധ്യതകള്‍ക്കായി അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു അയര്‍ലണ്ടിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. കൂടാതെ സിംബാബ്‌വേ-യു.എ.ഇ മത്സരത്തില്‍ തങ്ങള്‍ക്കനുകൂലമായൊരു ഫലമുണ്ടാകുകയും വേണം. അഫ്ഗാന്‍ താരത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസമുണ്ടെങ്കിലും അഫ്ഗാനിസ്ഥാനു കാര്യങ്ങള്‍ അത്ര ആശ്വാസകരമല്ലെന്നതാണ് സത്യം.

2019ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയ മറ്റു രാജ്യങ്ങള്‍.


Read Also :സ്‌കോട്‌ലാന്‍ഡിനെ മഴ ചതിച്ചു; ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിനു ജയവും ലോകകപ്പ് യോഗ്യതയും


വെസ്റ്റ് ഇന്‍ഡീസും അയര്‍ലന്‍ഡും ഉള്‍പ്പെടെ പത്തു ടീമുകളാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനായുള്ള യോഗ്യത റൗണ്ടില്‍ കളിക്കുന്നത്. ഇതില്‍ നിന്ന് ഫൈനലില്‍ എത്തുന്ന രണ്ടു ടീമുകള്‍ക്കാണ് യോഗ്യത ലഭിക്കുക. വിന്‍ഡീസ്, സിംബാവേ, നെതര്‍ലന്‍ഡ്സ്, സ്‌കോട്ലന്‍ഡ് എന്നിവര്‍ക്കൊപ്പം വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് അഫ്ഗാന്‍ കളിക്കുന്നത്.

രണ്ട് ടീമുകള്‍ക്ക് മാത്രമേ ലോകകപ്പ് യോഗ്യത ലഭിക്കുകയുള്ളു. വെസ്റ്റിന്‍ഡീസ്, സിംബാബ്വേ, അയര്‍ലണ്ട് എന്നിവയാണ് അഫ്ഗാനിസ്ഥാനു പുറമേയുള്ള മറ്റു മുന്‍ നിര ടീമുകള്‍. മാര്‍ച്ച് 25നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ നടക്കുക. ഹരാരെയില്‍ വെച്ചാണ് കളി ക്രമീകരിച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more